ശ്രീജ.എസ്
വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. രണ്ടു ദിവസമായി നാട്ടുകാരും വനപാലകരും ചേര്‍ന്ന് കടുവയ്ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്.
ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടിക്കാന്‍ രണ്ടിടത്ത് കെണിയൊരുക്കിയെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി വളര്‍ത്തുമൃഗങ്ങളെയും നാട്ടുകാരെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കടുവ ആക്രമിച്ചിരുന്നു. ഇതോടെ നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു.