IndiaKeralaLatest

വഞ്ചിയില്‍ കേരളം ചുറ്റാന്‍ അച്ഛനും മകനും

“Manju”

തൃശൂര്‍: വഞ്ചി തുഴഞ്ഞ് കേരളം മുഴുവന്‍ കറങ്ങാനൊരുങ്ങി ഒരു അച്ഛനും മകനും. തൃശൂര്‍ മാള ആശാരിപ്പറമ്ബില്‍ അഭിജിത്തും പിതാവ് ഭരതനും ചേര്‍ന്നാണ് യാത്രയ്‌ക്ക് ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന യാത്ര ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്നാണ് ഇരുവരുടേയും അവകാശവാദം. കേരളത്തിന്റെ പുഴ ജീവിതം പഠിക്കുകയും പകര്‍ത്തുകയും ചെയ്യുകയെന്നതാണ് യാത്രയുടെ ലക്ഷ്യം.
ലോക്ക്‌ഡൗണ്‍ സമയത്താണ് ഇത്തരമൊരു ആശയം ഇരുപത്തിയഞ്ചുകാരനായ അഭിജിത്തിന്റെ മനസില്‍ രൂപപ്പെട്ടത്. ആദ്യം അച്ഛനോടാണ് അഭിജിത്ത് ഇക്കാര്യം അവതരിപ്പിച്ചത്. വീട്ടില്‍ നിന്ന് സമ്മതം ലഭിച്ചതോടെ മൂന്ന് മാസം മുമ്ബാണ് യാത്ര പോകാനുളള വഞ്ചിയുടെ നിര്‍മ്മാണം ആരംഭിച്ചത്. വാടകയ്‌ക്ക് വഞ്ചി വാങ്ങാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് രണ്ടും കല്‍പ്പിച്ച്‌ സ്വന്തമായി വഞ്ചി നിര്‍മ്മാണം ആരംഭിച്ചത്.
പത്ത് കോല്‍ നീളവും ഒന്നര കോല്‍ വീതിയുമാണ് വഞ്ചിക്കുളളത്. ഒന്നര ലക്ഷമായിരുന്നു നിര്‍മ്മാണ ചെലവ്. ആകെയുളള അഞ്ച് സെന്റ് സ്ഥലവും പുരയിടവും പണയപ്പെടുത്തിയാണ് ഈ തുക കണ്ടെത്തിയത്. ഒരു ദിവസത്തെ യാത്രയ്‌ക്ക് ഇന്ധനത്തിനായി നാന്നൂറ് രൂപയാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണവും മറ്റ് ചിലവുകളുമായി 600 രൂപയ്‌ക്ക് മുകളില്‍ ഒരു ദിവസം വേണ്ടി വരും.
മത്സ്യം വിറ്റ്‌ ദിവസവും ആയിരം രൂപ വരുമാനമുണ്ടാക്കാമെന്നും അതുവഴി യാത്ര ചിലവ് കണ്ടെത്താമെന്നുമാണ് അഭിജിത്തും ഭരതനും പറയുന്നത്. തൃശൂരില്‍ നിന്ന് കൊല്ലം വരെ തുടര്‍ച്ചയായി പോകാനുളള മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെത്തിയ ശേഷം തിരുവനന്തപുരത്തേക്കും വഞ്ചിയില്‍ യാത്ര ചെയ്യും. മറ്റ് പുഴകളേയും ചാലുകളേയുംപ്പറ്റിയുളള അന്വേഷണം നടത്തുകയാണ്.
യമഹ എ‌ഞ്ചിന്‍ ഘടിപ്പിച്ച വഞ്ചിയില്‍ പ്ലാസ്റ്റിക്ക് ജലാശയത്തില്‍ നിക്ഷേപിക്കാതിരിക്കാനായി വേസ്‌റ്റ് ബിന്നും വച്ചിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തേക്ക് പെട്രോള്‍ ശേഖരിച്ച്‌ വയ്‌ക്കാനുളള സംവിധാനം വഞ്ചിയില്‍ ഒരുക്കിയിട്ടുണ്ട്. മുപ്പത് ദിവസമാണ് യാത്ര ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നതെങ്കിലും നീണ്ടുപോകാന്‍ സാദ്ധ്യതയുണ്ട്.
അരയ സമുദായക്കാരനായ ഭരതന് മത്സ്യബന്ധനമാണ് തൊഴില്‍. അഭിജിത്ത് അച്ഛനൊപ്പം പണിക്ക് പോവുന്നതിനൊപ്പം ആല്‍ബം എഡിറ്റിംഗും ചെയ്യാറുണ്ട്. എഡിറ്റിംഗ് ജോലികളും വഞ്ചിയില്‍ ചെയ്യാന്‍ പറ്റുമെന്നാണ് കരുതുന്നത്. യാത്രയുടെ വിവരങ്ങള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കിടാനാണ് പദ്ധതി. യാത്ര വിജയിച്ചാല്‍ രാജ്യം മുഴുവന്‍ ഇത്തരത്തില്‍ യാത്ര ചെയ്‌താലോയെന്നാണ് അച്ഛന്റേയും മകന്റേയും ആലോചന.
വാഷ്ബേയ്‌സ്, ഗ്യാസ്, സ്‌റ്റൗ, പാചക സാമഗ്രികള്‍ അടക്കം എല്ലാം വഞ്ചിയില്‍ തന്നെയുണ്ട്. രാത്രി യാത്രയില്‍ മീന്‍ പിടിച്ച്‌ സൂക്ഷിക്കുന്നതിനായി ഐസ് ബോക്‌സുമുണ്ട്. വഞ്ചിയ്‌ക്ക് മുകളില്‍ ടെന്റ് കെട്ടിയായിരിക്കും യാത്ര. കമ്പ്യൂട്ടര്‍ അടക്കം പ്രവര്‍ത്തിപ്പിക്കുന്നതിന് സോളാര്‍ സിസ്‌റ്റമാണ് മറ്റൊരു ആകര്‍ഷണം

Related Articles

Check Also
Close
Back to top button