ശ്രീജ.എസ്
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തമിഴ്നാട് ഫൈനലില്‍. സെമിയില്‍ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന തമിഴ്നാട് ഫൈനലില്‍ പ്രവേശിച്ചത്. രാജസ്ഥാന് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് തമിഴ്നാട് മറികടന്നത്.
അരുണ്‍ കാര്‍ത്തികിന്റെ (89*) അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് തമിഴ്നാടിന് കരുത്തായത്. ടോസ് നേടിയ രാജസ്ഥാന് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണര്‍ ഭരത് ശര്‍മ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി.
പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്കോര്‍ നേടും മുമ്പെ ആദിത്യ ഗര്‍വാളും (21 പന്തില്‍ 29) പുറത്തായി. ക്യാപ്റ്റന്‍ അശോക് മെഹ്റ (32 പന്തില്‍ 51),അര്‍ജിത് ഗുപ്ത (35 പന്തില്‍ 45) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. അശോക് അഞ്ച് ഫോറും രണ്ട് സിക്സറും നേടിയപ്പോള്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു അര്‍ജിതിന്റെ ഇന്നിങ്സ്.