Idukki

സൗമ്യയുടെ വീട് സന്ദർശിച്ച് എംഎം മണി

“Manju”

ഇടുക്കി: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്രയും വേഗം എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എം എം മണി. സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇസ്രായേൽ സർക്കാർ ആണ്. അതുണ്ടായില്ലെങ്കിൽ വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടർക്ക് ഒപ്പം സൗമ്യയുടെ കീരിത്തോട്ടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായതായി എംബസി അറിയിച്ചിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവിൽ ടെൽ അവിവിലെ ഫോറൻസിക് ലാബ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സൗമ്യ താമസിച്ചിരുന്ന വീട്ടിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഇതിനിടയിൽ സുരക്ഷാ മുറിയിലേക്ക് മാറാൻ സമയം ലഭിച്ചില്ലെന്നാണ് വിവരം. കുറച്ച് സമയത്തിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. ഏഴ് വർഷമായി ഇസ്രായേലിലുള്ള സൗമ്യ 2017ലാണ് അവസാനമായി നാട്ടിൽ വന്നത്.

Related Articles

Back to top button