Uncategorized

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ സെമിയില്‍

“Manju”

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ബാര്‍ബഡോസിനെ 100 റണ്‍സിന് തകര്‍ത്താനാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാര്‍ബഡോസിന് എട്ട് വിക്കറ്റിന് 62 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രേണുക സിംഗ് 4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയും, ജെമീമ റൊഡ്രിഗസും, ദീപ്തി ശര്‍മ്മയും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യക്കായി രേണുക സിംഗ് നാലും മേഘ്ന സിംഗ്, സ്നേഹ് റാണ, രാധാ യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍താരം ഡീന്‍ഡ്ര ഡോട്ടിന്‍ പൂജ്യത്തിനും ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 9നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിസിയ നൈറ്റ് മൂന്നിനും പുറത്തായപ്പോള്‍ നാലാമതായിറങ്ങി 16 റണ്‍സെടുത്ത കിഷോണ നൈറ്റാണ് ബാര്‍ബഡോസിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ, ജെമീമ റൊഡ്രിഗസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സിലെത്തിയത്. ജെമീമ 46 പന്തില്‍ പുറത്താകാതെ 56 റണ്‍സെടുത്തു. 26 പന്തില്‍ 43 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയും മികച്ച പ്രകടനം കാഴ്ചവെച്ചു. സ്‌മൃതി മന്ഥാന ഏഴ് പന്തില്‍ 5 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ താനിയ ഭാട്യ 13 പന്തില്‍ 6 റണ്‍സെടുത്ത് കൂടാരം കയറി. എന്നാല്‍, ജെമീമയ്‌ക്കൊപ്പം 28 പന്തില്‍ 34 റണ്‍സുമായി ദീപ്തി ശര്‍മ്മ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ശനിയാഴ്ചയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

Related Articles

Back to top button