KeralaLatest

കോവിഡ് – 19 പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി കണ്ണൂര്‍

“Manju”

പ്രജീഷ് എന്‍.കെ., തലശ്ശേരി

തലശ്ശേരി : കോവിഡ് – 19 പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ കൂത്തുപറമ്പ, പാനൂര്‍, തലശ്ശേരി നഗരസഭകളും ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍, പാട്യം, മൊകേരി, ചിറ്റാരിപറമ്പ, കോട്ടയം മലബാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. മേല്‍ പറഞ്ഞ നഗരസഭ/ഗ്രാമ പഞ്ചായത്തുകളില്‍ സൌജന്യ റേഷന്‍/കിറ്റ് ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ /കൌണ്‍സിലര്‍, കുടുംബശ്രീ എന്നിവരെ മാത്രം ചുമതലപ്പെടുത്തി ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ പണം നല്‍കേണ്ടതില്ല.

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ കോവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കണം. ഇതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുമായി ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍, അവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ തുടങ്ങിയ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ ചില സ്വകാര്യ ആശുപത്രികള്‍ വിസമ്മതിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ, പകര്‍ച്ച വ്യാധി നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ്, കോവിഡ് രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവ് പ്രകാരം, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ലക്ഷണങ്ങളുമായെത്തുന്ന ഒപി, ഐപി രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഓരോ ദിവസവും രാവിലെ 11 മണിയോടെ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ പങ്കുവയ്ക്കണം. ഇതിനായി എല്ലാ സ്ഥാപനങ്ങളും ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും വിശദാംശങ്ങള്‍ [email protected] ലേക്ക് ഇ.മെയില്‍ വഴി അറിയിക്കുകയും വേണം. കോവിഡ് ബാധ സംശയിക്കുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം.

മഹാമാരി ആയ കൊറോണയെ അതിജീവിക്കുന്നതിൽ ശാന്തിഗിരി ആശ്രമം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രവർത്തനങ്ങളും ശ്രദ്ധനേടുന്നു. സ്വാമി മധുരനാദൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ആണ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പാട്ട്യം, മൊകേരി, ചെറുവാഞ്ചേരി പഞ്ചായത്ത്‌കളിലെ അന്യദേശ തൊഴിലാളികൾ ഉൾപ്പെടെ നിരവധിയാളുകൾക്ക് ആഹാരവും അവശ്യസാധനങ്ങളും വിതരണം ചെയ്തുവരുന്നു.

വിദേശ യാത്ര കഴിഞ്ഞെത്തിയവരോ ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശക്കപ്പെട്ടവരോ ആയ രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ നേരിട്ട് ചികില്‍സയ്‌ക്കെത്തിയാല്‍ അക്കാര്യം ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിലെ ആരോഗ്യ വകുപ്പ്, സര്‍വെയ്‌ലന്‍സ് ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന പക്ഷം സിസിടിവി ഫൂട്ടേജ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണം. 45 കിടക്കകളില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍, കോവിഡ് ലക്ഷണങ്ങളോടെയെത്തുന്ന രോഗികള്‍ക്കായി രണ്ട് കിടക്കകള്‍ മാറ്റിവയ്ക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെയെത്തുന്ന രോഗികളില്‍ നിന്ന് അവരുടെ യാത്രാ സംബന്ധമായ വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമേ അവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാവൂ. കൊറോണ ബാധ സംശയിക്കുന്ന രോഗികളെ കുറിച്ചുള്ള വിവരങ്ങളും അത്തരം രോഗികളെ മറ്റൊരു ആശുപത്രിയിലേക്കോ സ്ഥാപനത്തിലേക്കോ മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത പിച്ച്‌സികളെയോ 0497 2700194 (കോവിഡ് കണ്‍ട്രോള്‍ റൂം), 9496469913 (ഡോ. സച്ചിന്‍) എന്നീ നമ്പറുകളിലോ യഥാസമയം അറിയിക്കണം.

Related Articles

Leave a Reply

Back to top button