ആനകൾക്കിന്ന് ചക്കസദ്യ; ലോക്ഡൗണിലെ പട്ടതീറ്റയിൽ നിന്ന് താൽക്കാലിക മോചനം

ഹരികൃഷ്ണൻ.ജി
തൃശൂർ: ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്ക് വിഷുദിനത്തില്‍ ചക്കസദ്യ. മധുരമുള്ള പഴുത്ത ചക്കകള്‍ കണ്ടപ്പോഴെ ലോക്ഡൗണിന്റെ മടുപ്പ് മാറി ആനകള്‍ ഉഷാറായി.
ആയുര്‍ജാക്ക് ഇനത്തില്‍പ്പെട്ട 125 പഴുത്ത ചക്കകള്‍ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ എത്തിച്ചു. തൃശൂര്‍ കുറുമാല്‍ കുന്നിലെ ആയുര്‍ ജാക്ക് തോട്ടത്തില്‍ നിന്നുള്ള ചക്കകളായിരുന്നു ഇത്. ലോക്ഡൗണ്‍ കാരണം ഉല്‍സവങ്ങള്‍ ഇല്ലാതെ വെറും പട്ടതീറ്റ മാത്രമായിരുന്നു ആനകളുടെ വിനോദം. ചക്ക കാലുകൊണ്ട് ചവിട്ട ചെറിയ കഷണങ്ങളാക്കി കൊമ്പന്‍മാര്‍ തിന്നു. നാല്‍പത്തിയേഴ് ആനകളും ചക്കസദ്യയ്ക്കായി ഒന്നിച്ചണിനിരന്നു.ആനകള്‍ക്കു വിഷുസദ്യ ഒരുക്കാന്‍ സൗജന്യമായി ചക്കകള്‍ എത്തിച്ചത് കര്‍ഷകനായ വര്‍ഗീസ് തരകനാണ്.
ഒരേയിനത്തില്‍പ്പെട്ട ചക്കകള്‍ ഇങ്ങനെ ഒന്നിച്ച് ആനകള്‍ക്ക് കിട്ടാറില്ല. അതിന്റെ സന്തോഷം ആനകളുടെ ശരീരഭാഷയില്‍ കാണാമായിരുന്നു.