
സിന്ധുമോൾ ആർ
തൃശൂര്‍ : ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മാനിക്കാതെ ബാറില്‍ മദ്യവില്‍പന. ചാലക്കുടി കല്ലേലി ബാറിലാണ് അനധികൃതമായി മദ്യ വില്‍പ്പന നടത്തിയത്. സംഭവത്തില്‍ ബാര്‍ മാനേജരടക്കം മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ മുപ്പത്തിയാറ് കുപ്പി മദ്യവും ബാറില്‍ നിന്ന് പിടികൂടി.
ബാര്‍ മാനേജര്‍ ചേര്‍ത്തല സ്വദേശി പ്രകാശ്, പുതുശ്ശേരി സ്വദേശി ചാമക്കാല ജോഷി, ബാര്‍ ജീവനക്കാരന്‍ കോസര്‍കോഡ് സ്വദേശി ശാന്തകുമാര്‍ എന്നിവരാണ് പിടിയിലായവര്‍.
ലോക്ക് ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പന നടത്തിയത്തിന് കല്ലേലി ബാറിന്റെ ഉടമക്കെതിരെ കേസെടുക്കുമെന്നും, ബാര്‍ പൂട്ടി സീല്‍ ചെയ്യുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.എ സലീം അറിയിച്ചു.
ജോഷി എന്നയാള്‍ ലോക്ക് ഡൗണ്‍ കാലത്ത് അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നതായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണം ഏര്‍പ്പെടുത്തിയ എക്‌സൈസ് സംഘം വീടിന്റെ പരിസരത്തുനിന്ന് സ്‌ക്കൂട്ടറില്‍ മദ്യ വില്‍പ്പനക്ക് പോയ അവസരത്തിലാണ് ജോഷിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കല്ലേലി ബാറില്‍ നിന്നാണ് മദ്യം ലഭിക്കുന്നതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ വില്‍പന പിടികൂടിയത്.