ലോക്ക് ഡൗണിൽ സൂര്യക്കെതിരെ വിലക്കുമായി തിയേറ്റർ ഉടമകൾ

രജിലേഷ് കെ.എം.
ചെന്നൈ: നടൻ സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കവുമായി തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ. സൂര്യ അഭിനയിച്ചതോ നിർമ്മിച്ചതോ ആയ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കാനാണ് നീക്കം. ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പൊന്മകൾ വന്താൽ’ ലോക്ക് ഡൗണിനെ തുടർന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഇത്തരമൊരു നീക്കത്തിന് മുതിർന്നതാണ് തമിഴ്നാട് തീയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണർ അസോസിയേഷനെ ചൊടിപ്പിച്ചത്.
സൂര്യയുടെ ഈ തീരുമാനം അപലപനീയമാണെന്നാണ് തീയേറ്റർ അസോസിയേഷൻ സെക്രട്ടറി പനീർസെൽവം പറഞ്ഞത്. തീരുമാനം പുന:പരിശോധിക്കണമെന്ന് സൂര്യയോട് അറിയിച്ചിട്ടുണ്ട്. ഇതിന് ഒരുക്കമല്ലെങ്കിൽ ആ നിർമ്മാണകമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങൾ ഓൺലൈൻ റിലീസ് മാത്രം ചെയ്യേണ്ടി വരുമെന്നും തിയേറ്റർ റിലീസ് അനുവദിക്കില്ലെന്നും പനീർസെൽവം വ്യക്തമാക്കി.