IndiaLatest

കാർഷിക നിയമം : കർണാടകയിലെ കർഷകരുമായി കരാറിലേർപ്പെട്ട് റിലയൻസ്

“Manju”

റായ്ചൂർ ; കർണാടകയിലെ കർഷകരിൽ നിന്നും താങ്ങുവിലയേക്കാൾ കൂടുതൽ പണം നൽകി നെല്ല് സംഭരിക്കാൻ കരാറൊപ്പിട്ട് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. റായ്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിലെ കർഷകരിൽ നിന്ന് 1,000 ക്വിന്റൽ സോണ മസൂരി നെല്ല് വാങ്ങുന്നതിനുള്ള കരാറിലാണ് ഒപ്പ് വച്ചത്. ഇതാദ്യമായാണ് രാജ്യത്ത് കാർഷിക നിയമം പ്രഖ്യാപിച്ചതിനു ശേഷം വിളകൾ സംഭരിക്കുന്നതിനായി ഒരു കോർപ്പറേറ്റ് കമ്പനി കർഷകരുമായി നേരിട്ട് കരാറിലേർപ്പെടുന്നത് .

വെയർ ഹൗസിൽ സൂക്ഷിച്ച അരി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന ഉപാധികളോടെയാണ് കമ്പനി കരാറിലേർപ്പെട്ടതെന്ന് സ്വസ്ഥ്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിംഗ് കമ്പനി അധികൃതർ അറിയിച്ചു. രണ്ടാഴ്ച്ച മുൻപാണ് കർഷകർ കരാറിൽ ഒപ്പ് വയ്ക്കാനായി സമ്മതം അറിയിച്ചത് .റായ്ചൂർ ജില്ലയിലെ സിന്ധൂർ താലൂക്കിലെ നെൽകർഷകരുടെ കൂട്ടായ്മയാണ് സ്വസ്ഥ്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിംഗ് .

1,100 ഓളം നെൽകർഷകർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിളയിൽ 16% ൽ താഴെ ഈർപ്പം ഉണ്ടായിരിക്കണമെന്ന് റിലയൻസ് റീട്ടെയിൽ വ്യവസ്ഥ ചെയ്തിരുന്നു. സോണ മസൂരിയുടെ ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാൾ 82 രൂപ കൂടുതൽ നൽകി 1000 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നാണ് കരാർ.

Related Articles

Back to top button