KeralaLatest

ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു

“Manju”

ശ്രീജ.എസ്

 

തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപി അടക്കം 14 പേര്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളേജിന്‌ മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടം കൂടിയതിനാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഡീന്‍ കുര്യാക്കോസിന്റെ ഉപവാസ സമരം നടന്നത്.

ഇടുക്കിയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് പിസിആര്‍ ലാബ് അനുവദിക്കുക, ഇടുക്കിയോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്.

ഡീന്‍ കുര്യാക്കോസിന് പുറമെ ഇടുക്കി ഡിസിസി പ്രസിഡന്റ്, ഡിസിസി സെക്രട്ടറിമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിന്‍സ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിമര്‍ശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് ഡീന്‍ കുര്യാക്കോസ് ഇതിനോട് പ്രതികരിച്ചത്. .

ഈ കേസിനെ വകവെക്കുന്നില്ല, ഇടതുപക്ഷ ഗവണ്‍മെന്റ് തനിക്കെതിരെ ഒരുപാട് കേസുകള്‍ എടുത്തിട്ടുണ്ട്‌. അതിനൊക്കെ താന്‍ പുല്ലു വില മാത്രമേ കല്‍പ്പിക്കുന്നുള്ളുവെന്നും ഡീന്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അഞ്ചു പേരില്‍ കൂടുതല്‍ ആരും അവിടെ വന്നിരുന്നില്ല. ആശുപത്രിയില്‍ പലപല സമയങ്ങളില്‍ വന്ന ആളുകളെയെല്ലാം ചേര്‍ത്ത് മനഃപൂര്‍വം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ തനിക്കെതിരെ ഈ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. അതിന്റെ കൂടെ ഒരു പോലീസ് സ്‌റ്റേഷനില്‍ കൂടി കേസ് വന്നുവെന്ന് കരുതും. നാട്ടുകാര്‍ക്ക് വേണ്ടി സമരം നടത്തിയതിനാണ് കേസെടുത്തത്. അതിനാല്‍ കേസിനെ വകവെക്കുന്നില്ലെന്നും ഡീന്‍കുര്യാക്കോസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button