Uncategorized

വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; കുട്ടി ഉള്‍പ്പെടെ 6 മരണം

“Manju”

ശ്രീജ.എസ്

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 6 പേര്‍ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. .
ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.

ഫാക്ടറിയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. ഒട്ടേറെ പേര്‍ ബോധരഹിതരായി. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ട്.

ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് അന്തരീക്ഷത്തിലെ പുകയും ശ്വസനതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലരും വീടുകളില്‍നിന്ന് ഇറങ്ങി ഓടി. ഒട്ടേറെ പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. .

വാതകചോര്‍ച്ച നിലവില്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി. ഒന്നര കിലോമീറ്റര്‍ വരെയാണ് വാതകചോര്‍ച്ചയുടെ ആഘാതമുണ്ടായത്. രണ്ടര കിലോ മീറ്റര്‍ വരെ ഗന്ധമുണ്ടായി. 120 പേരെ ആശുപത്രിയിലാക്കിയതായും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

അന്വേഷണം നടത്താനും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം അല്‍പസമയത്തിനകം സന്ദര്‍ശിക്കും.

സമീപത്തുള്ള വീടുകളില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Related Articles

Check Also
Close
  • ….
Back to top button