KeralaLatest

കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ കൊള്ളനടത്തുന്നു : കെ. സുരേന്ദ്രന്‍.

“Manju”

 

അഖിൽ ജെ എൽ

തിരുവനന്തപുരം: പ്രവാസികളോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത് നീചമായ നിലപാടാണെന്നും കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളനടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൊവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും കൊവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരെയും ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടി സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൊവിഡ് പരിശോധനകള്‍ കൂടാതെ മുഴുവന്‍ പ്രവാസികളെയും കൊണ്ടുവരണമെന്ന് നിയമസഭ പ്രമേയവും പാസാക്കി. കേന്ദ്രത്തിന്റെ വന്ദേഭാരത്മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. പ്രവാസി വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി വേണം മടങ്ങിവരാനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മാത്രമെ ടെസ്റ്റ് നടത്തി റിസള്‍ട്ടു കിട്ടുകയുള്ളു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവിടെ കോവിഡ് ടെസ്റ്റുനടത്തുകയുമില്ല. പിന്നെങ്ങനെയാണ് കോവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കഴിയുകയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്ബൂര്‍ണ പരാജയമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി, ജല ബില്ലുകള്‍ സൗജന്യമാക്കി കൊടുക്കുമ്ബോള്‍ കേരളം തീവെട്ടിക്കൊള്ള നടത്തുന്നു. കോവിഡിനെ മറയാക്കി പണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന നിഗൂഢ നീക്കങ്ങള്‍ ഇനിയും എതിര്‍ക്കപ്പെടാതെ പോകുന്നത് ശരിയല്ല. ഇതിനെതിരെ 17ന് ജില്ലാകേന്ദ്രങ്ങളിലും 19ന് മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

2021 മെയ് കഴിഞ്ഞാല്‍ പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ക്വാറന്റീനില്‍ ആക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ശത്രുരാജ്യത്തെ ജനങ്ങളോട് കണിക്കാത്ത ക്രൂരതയാണ് പിണറായി വിജയന്‍ കേരള ജനതയോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തത്തിന് ശേഷം കൊറോണ ബാധയെയും ഒന്നായി നിന്ന് നേരിടാന്‍ ജനങ്ങള്‍ തയ്യാറായതാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടിവന്നതിന് കാരണമായതെന്നും അധ്യക്ഷത വഹിച്ച ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളസര്‍ക്കാര്‍ തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ രാജഭരണകാലത്ത് നേടിയ മികവ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, അഡ്വ. പി.സുധീര്‍, സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, കരമന ജയന്‍, അഡ്വ. എസ്. സുരേഷ്, മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാഗേന്ദു, സംസ്ഥാന സെക്രട്ടറി അഞ്ജന, ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button