KeralaLatest

കേരളത്തിലെ വ്യാപാരികളെ പട്ടിണിയിലേക്കും, ആത്മഹത്യയിലേക്കും തള്ളിവിടരുത്: ജോബി.വി. ചുങ്കത്ത്

“Manju”

കൃഷ്ണകുമാർ സി

 

കോവിഡ് 19 രോഗവ്യാപനത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ കേരള സംസ്ഥാന സർക്കാർ ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായി നമ്മുടെ രാജ്യത്തിന് അഭിമാനം നേടിത്തന്നിട്ടുണ്ട്. ഈ മാതൃകാ നേതൃത്വത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അഭിനന്ദിക്കുന്നു.
എന്നാൽ കേരളത്തിലെ വ്യാപാരികൾ ഏറെ ആശങ്കയിലും, പ്രതിസന്ധിയിലും, വിഷമത്തിലുമാണ്.കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ, കേരളത്തിലെ വ്യാപാരികളെ പട്ടിണിയിലേക്കും, ആത്മഹത്യയിലേക്കും തള്ളിവിടരുത് ജോബി.വി. ചുങ്കത്ത്, സംസ്ഥാന പ്രസിഡന്റ്,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.,

ലോക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് അത് ഘട്ടം ഘട്ടമായി പിൻവലിക്കപ്പെടുമെന്നും, സ്വതന്ത്രമായ വ്യാപാരം സാധ്യമാകുമെന്നും വ്യാപാരികൾ വിശ്വസിച്ചിരുന്നു.എന്നാൽ ഒന്നര മാസത്തേക്കടുക്കുന്ന അടച്ചുപൂട്ടൽ വ്യാപാര സമുഹത്തിന്റെ സർവ്വസ്വവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി ലോക് ഡൗൺ പിൻവലിച്ചാലും രാജ്യത്തെ കോവിഡ് ബാധ പൂർണ്ണതോതിൽ നിയന്ത്രിക്കപ്പെട്ടാൽ മാത്രമേ പൊതുഗതാഗത സംവിധാനവും, സ്വതന്ത്രവ്യാപാരവും അനുവദിക്കു എന്നതാണ് സർക്കാർ കണക്കാക്കുന്നതെങ്കിൽ കേരളത്തിൽ വ്യാപാരികൾക്കിടയിൽ പട്ടിണി മരണവും, ആത്മഹത്യകളും വരാൻ സാധ്യത ഏറെയാണ്.അത്തരമൊരു സാഹചര്യം അനുവദിക്കാൻ കഴിയില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻകൂട്ടി അറിയിക്കുകയാണ്.

ജി.എസ്.ടി അടവാക്കലുകൾ ജൂൺ മാസം വരെ നീട്ടിയതും, പല ലൈസൻസുകളുടെയും, റജിസ്ട്രേഷുകളുടെയും കാലാവധി ദീർഘിപ്പിച്ചതും, ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് ആറ് മാസത്തേക്ക് ഒഴിവാക്കിയതും, വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറോട്ടോറിയം ആവശ്യപ്പെട്ടതുമെല്ലാം വ്യാപാരി സമൂഹത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും, കരുതലുമായി ഞങ്ങൾ കാണുന്നു. എന്നാൽ എല്ലാ വിഭാഗത്തിനും അടിയന്തിര ധനസഹായങ്ങൾ സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുള്ള നാമ മാത്രമായ ധനസഹായം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.

കോവിഡ് രോഗബാധ എന്നവസാനിക്കുമെന്നോ, നിയന്ത്രണ വിധേയമാകുമെന്നോ എന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും സ്വതന്ത്രമായ പ്രവർത്തനത്തിന് സർക്കാർ അനുമതി നൽകണം. സർക്കാരിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും, ക്രമീകരണങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടികൊണ്ട് കച്ചവടം ചെയ്യാൻ വ്യാപാരികൾ തയ്യാറാണ്.അതു പോലെ തന്നെ സുരക്ഷാ സംവിധാനങ്ങളോടെ പൊതുഗതാഗതവും സംസ്ഥാനത്ത് അനുവദിക്കണം.
ഒന്നര മാസത്തോടടുക്കുന്ന ലോക് ഡൗൺ വ്യാപാരികളുടെ സാമ്പത്തിക സംവിധാനത്തെ അട്ടിമറിച്ചിരിക്കുന്നു.ചെറുകിട-ഇടത്തരം കച്ചവടക്കാരാരും സാമ്പത്തിക നീക്കിയിരുപ്പില്ലാത്തവരാണ്.ആർ.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്ന മൊറോട്ടോറിയം അപര്യാപ്തമാണ്. കഴിഞ്ഞ മൂന്നു മാസത്തെ പലിശയടക്കം ജൂൺ മാസത്തിൽ ഒരുമിച്ചടക്കേണ്ട ദുരവസ്ഥയാണ് വ്യാപാരികളുടേത്. മൊറോട്ടോറിയം ചുരുങ്ങിയത് ഒരു വർഷമെങ്കിലും അനുവദിക്കണം.ഈ കാലയളവിലെ മുഴുവൻ പലിശയും ഒഴിവാക്കപ്പെടണം. ഇത്തരം ആവശ്യങ്ങൾ പല തവണ അധികാരികളുടെ മുമ്പിൽ നിവേദനമായി നൽകിയിട്ടുണ്ട് എങ്കിലും ഇതുവരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഏറെ ഭീഷണി നേരിടുന്ന വലിയ തൊഴിൽ മേഖലയാണ് കേരളത്തിലെ വ്യാപാരമേഖല. ഇതിൽ ചെറുകിട-ഇടത്തരം വ്യാപാര മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ആയത് പരിഹരിക്കപ്പെടാതെ സർക്കാറിന്റെ നികുതി വരുമാനത്തെ നിലനിർത്താൻ സാധ്യമാകില്ല. അതിനായി ഈ മേഖലയിൽ ബാങ്കുകൾ മുഖേന പ്രത്യേക വായ്പാ പദ്ധതിക്ക് സർക്കാർ രൂപം നൽകണം. ഈടില്ലാതെ, പരസ്പര ജാമ്യവ്യവസ്ഥയിൽ കുറഞ്ഞ പലിശ നിരക്കിലും, ഭീർഘകാലയളവിലും പത്തുലക്ഷം രുപ വരെയുള്ള വ്യാപാര വായ്പകൾ അനുവദിക്കണം. ആയതിന്റെ മുതലിനും, പലിശക്കും തിരിച്ചടവിന് ചുരുങ്ങിയത് ആറ് മാസത്തെ മൊറൊട്ടോറിയം അനുവദിക്കണം.

ലോകത്തിന് മാതൃകയായ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും ജനത്തിരക്കേറിയ തിരുവനന്തപുരം ചാല ബസാർ, എറണാകുളത്തെ ബ്രോഡ് വേ മാർക്കറ്റ് തുടങ്ങിയ കമ്പോളങ്ങളിൽ ജനത്തിരക്ക് നിയന്ത്രിച്ചു കൊണ്ട്, എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യാപാരം അനുവദിച്ചത് പോലെ ഈദുൽ ഫിത്തർ, സ്കുളുകളുടെ തുറക്കൽ എന്നീ കമ്പോളാവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് കോവിഡിനെതിരെയുള്ള പോരാട്ടത്തോടൊപ്പം സംസ്ഥാനത്തെ എല്ലാ കടകൾക്കും പൂർണ്ണ സ്വതന്ത്ര്യത്തോടെ കച്ചവടം ചെയ്യാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും, നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗബാധ തടയുന്നതിനും, കോവിഡ് മരണനിരക്ക് കുറക്കുന്നതിന്നും സർക്കാർ സ്വീകരിച്ച മാതൃകാപരമായ മുൻകരുതലുകളും നടപടികളും പോലെ തന്നെ കോവിഡ് ലോക് ഡൗൺ മൂലം വ്യാപാരി സമൂഹത്തിന്റെ പട്ടിണി മരണവും, ആത്മഹത്യയും ഇല്ലാതാക്കാൻ സർക്കാർ നടപടികളും, ജാഗ്രതയും ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് ജോബി.വി. ചുങ്കത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

Related Articles

Back to top button