KeralaLatest

മേയ് 17 ന് ശേഷം കലാകേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകണം

“Manju”

ലോക് ഡൗൺ പരിധി 17 ന് അവസാനിക്കാനിരിക്കെ സർക്കാർ നിർദ്ദേശങ്ങളും,നിയന്ത്രണങ്ങളും പാലിച്ചു കലാകേന്ദ്രങ്ങൾ (സംഗീത, നൃത്ത വിദ്യാലയങ്ങൾ) തുറന്നു പ്രവർത്തിക്കാൻ സാംസ്കാരിക വകുപ്പ് അനുമതി നൽകണമെന്ന് ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ആവശ്യപ്പെട്ടു.

ഈ മേഖലയോട് ഇനിയും അനുഭാവം കാണിച്ചില്ലെങ്കിൽ കലാകാരന്മാരുടെ ജീവിതം നരകതുല്യമാകുമെന്നും പ്രസ്താവനയിൽ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. അറിയാവുന്ന കല പകർന്ന് കുട്ടികളിൽന്നു മാത്രം കിട്ടുന്ന വരുമാനം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടിക്കഴിഞ്ഞു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന മിക്ക സ്ഥാപനങ്ങളും ഉള്ളത് പെറുക്കികൂട്ടി സ്ഥലം വിട്ടു. സർക്കാർ നിർദ്ദേശിച്ച ഓണ്‍ലൈന്‍ ക്ളാസ്സുകൾ പ്രാവർത്തികമാക്കാൻ സാങ്കേതികമായ പലകാരണങ്ങളാൽ മിക്ക സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടുമില്ല. അല്പം പുരോഗമിച്ചപ്പോൾ സ്വന്തമായി കെട്ടിടം ലോൺ എടുത്ത് പ്രവർത്തനം നടത്തിയിരുന്ന പലരും ആത്മഹത്യയുടെ വക്കിലാണ്. ഏതു സർക്കാറിനൊപ്പവും പ്രളയമായാലും, ദുരിതകാലത്തും ഈ കൊറോണ കാലത്തും തോളോട് തോൾ ചേർന്നു നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന കലാകാരന്മാരുടെ ജീവിതം മാറിമറിഞ്ഞ ഈ സാഹചര്യം മനസ്സിലാക്കിയും, സർക്കാർ നൽകുന്ന ചെറിയ ആനുകൂല്യങ്ങൾ ദൈനംദിന ജീവിവിതത്തിനു അപര്യാപ്‌തമാണെന്നും മനസ്സിലാക്കി സത്വര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.

മാർഗ്ഗനിർദ്ദേശങ്ങൾ

1. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ 5 വരെ ക്ളാസ്സുകൾ നടത്താൻ അനുവദിക്കുക.

2. മിനിമം 8 കുട്ടികളെ നിശ്ചിത അകലം പാലിച്ചു, ആരോഗ്യവകുപ്പിന്റെ നിദ്ദേശങ്ങൾ കർശനമായി അനുസരിച്ച് ക്ളാസ്സുകൾ എടുക്കാൻ അനുവാദം നൽകുക.

3. ഒരുമിച്ചുള്ള (കൂടുതൽ പേരുള്ള) ക്ളാസ്സുകൾ ഒഴിവാക്കി പകരം വെവ്വേറെ സമയക്രമത്തിൽ ക്ളാസ്സുകൾ നടത്താൻ അനുമതി നൽകുക.

സാമൂഹിക അകലം പാലിച്ചുകൊണ്ടും, ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചും ക്ലാസുകൾ നടത്താൻ എല്ലാ കലാപാഠശാലകളും തയ്യാറുമാണ്. സമീപ വർഷങ്ങളിൽ നടന്ന എല്ലാ ദുരന്തങ്ങളിലും ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച വിഭാഗമാണ് കലാകാരൻമാരുടേത്. കലകൊണ്ടു മാത്രം നിത്യ വൃത്തി നടത്തുന്ന ആയിരക്കണക്കിന് കലാകാരൻമാരുടെ നാടാണ് കേരളം. അസംഘടിതമേഖലയാണെന്നതുകൂടി കണക്കിലെടുത്ത് ഈ വിഭാഗത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ ബഹു:സാംസ്കാരിക വകുപ്പ് മന്ത്രി അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related Articles

Back to top button