KeralaLatest

ഹോം ക്വാറന്റൈന്‍: തദ്ദേശതലത്തില്‍ പഴുതടച്ച സംവിധാനം

“Manju”

പ്രജീഷ് വള്ള്യായി.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ജില്ലയില്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കണ്ണൂർ ജില്ലാ ആസൂതണ സമിതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്ന് ജില്ലാ ആസൂതണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദ്ദേശിച്ചു.

ഹോം ക്വാറന്റൈനിലുള്ളവര്‍ റൂം ക്വാറന്റൈനിലാണെന്നും വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവര്‍ വീട് വിട്ട് പുറത്ത് പോകില്ലെന്നും ഉറപ്പുവരുത്തണം. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, പി എച്ച് സി ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഇക്കാര്യത്തില്‍ ഒരു പിഴവും സംഭവിക്കാന്‍ ഇടയാവരുത്. പുറത്ത് നിന്നെത്തിയ ഒരാള്‍ പോലും നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പ്പെടാതെ പോകരുത്. ക്വാറന്റൈന്‍ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് അനുഭവമെന്ന് പ്രസിഡണ്ട് പറഞ്ഞു. അതിനാല്‍ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം തുടരണം. ഹോം ക്വാറന്റൈനിലുള്ളവരുടെ വീട് എല്ലാ ദിവസവും സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ഹോം ക്വാറന്റൈനില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം. ഹോം ക്വാറന്റൈനിലുള്ളവരുടെ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

കടകളിലെ ജീവനക്കാര്‍ മാസ്‌കും കൈയ്യുറകളും ധരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ആസൂത്രണ സമിതി ആവശ്യപ്പെട്ടു.
സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ച് പോവാന്‍ തല്‍പ്പരരായ അതിഥി തൊഴിലാളികളുടെ ജില്ല തിരിച്ചുള്ള പട്ടിക തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button