ArticleLatest

അപൂര്‍വമായ ചിത്രങ്ങൾ തേടി പോയി ഒടുവിലാ ഫ്രെയിം അപൂര്‍ണമാക്കി വിക്ടര്‍ ജോർജ് ഇരുളിലേക്ക് മറഞ്ഞിട്ട് 19 വർഷങ്ങൾ

“Manju”

ടി ബി ലാൽ

സാഹസിക പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജടക്കം നാലുപേരുടെ ജീവന്‍ അപഹരിച്ച വെണ്ണിയാനി ദുരന്തത്തിന് ഇന്ന് 19 വയസ്സ്. 2001 ജൂലൈ ഒന്‍പതിന് പുലര്‍ച്ചെ 2.15നും ഉച്ചയ്ക്ക് 12നുമാണ് തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട വെണ്ണിയാനിയില്‍ പ്രകൃതി സംഹാരതാണ്ഡവമാടി ഉരുള്‍പൊട്ടലുണ്ടായത്.

മഴയുടെ രൗദ്രഭാവങ്ങള്‍ കാമറയില്‍ പകര്‍ത്താനുള്ള തിടുക്കത്തില്‍ ദുരന്തമുഖത്തേക്കു കയറിപ്പോയ വിക്ടറിനെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറോളംവരുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് ഉരുള്‍പൊട്ടിയത്.ഇവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ജൂലൈ 11നു രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിച്ച ഫോട്ടോഗ്രാഫര്‍ വെണ്ണിയാനിയുടെ ദുരന്തത്തില്‍ പിന്നീട് ഓര്‍മയായി..വിക്ടറിന്റെ ഓർമദിനമായ ഇന്ന് അദ്ദേഹം പകർത്തിയ ഉള്ള് പൊള്ളിക്കുന്നൊരു ചിത്രം
ഇന്നത്തെ പുലരിയിൽ സുഹൃത്ത് അനിൽ പെണ്ണുക്കര പങ്കിട്ട് കണ്ടതു മുതൽ മനസു നീറുകയാണ്.
വിക്ടർ ജോർജ് എടുത്ത ചിത്രമാണിത്.

ഈ ചിത്രത്തിലെ കുഞ്ഞിന്റെ മുഖത്തേക്കു നോക്കുന്തോറും വേദനയാണ്. അവനെന്താണു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക?

പേപ്പട്ടി കടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിക്കാൻ തുടങ്ങുന്ന സമയത്ത് അവന്റെ അച്ഛന്റെ കൈയിൽ കയറിപ്പിടിക്കുന്ന നിമിഷം !
ബോധവും അബോധവും മാറിമറിയുന്ന നിമിഷത്തിൽ സാന്ത്വനം തേടി അച്ഛന്റെ കരതലം തിരഞ്ഞ കുഞ്ഞ്.
അച്ഛന്റെ തള്ളവിരലിലാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്.
ഉള്ളു പൊള്ളുന്നുണ്ട്.
അവനെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങളുണ്ടായിരുന്നിരിക്കണം?
അതൊക്കെയും അവൻ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമോ? ആഗ്രഹിച്ചതൊക്കെയും അവനു വാങ്ങി കൊടുക്കാൻ ആ അച്ഛനു സാധിച്ചിരുന്നുവോ?
അവനിട്ടിരിക്കുന്ന കുഞ്ഞുകുപ്പായം. അതവന്റെ സ്കൂളുടുപ്പായിരിക്കുമോ?
ആലോചിക്കുന്തോറും വേദനയാണ്.
ഞാനും ഒരച്ഛനാണ്. എന്റെ മകനെ ഓർത്തു പോകുന്നു. അവന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾ ഓർമ്മയിൽ വരുന്നു.
പ്രിയമുള്ളവരേ നിങ്ങൾ നിങ്ങളു‍ടെ കുഞ്ഞുങ്ങുടെ മനസ്സുകൾ എപ്പോഴും ചേർത്തു പിടിക്കണേ.

വേറൊന്നുമില്ല, വിക്ടറിന്റെ 19–ാം ആണ്ടോർമ്മ ദിനമായ ഇന്ന് ഇതൊക്കെ മനസിലൂടെ ഇങ്ങനെ കടന്ന് പോയെന്ന് മാത്രം !!

Related Articles

Back to top button