KeralaLatest

ഉത്തർപ്രദേശിലേക്കു നടന്നുപോകാനൊരുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂർ : വളപട്ടണത്തു നിന്ന് ഉത്തർപ്രദേശിലേക്കു നടന്നുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം ആർപിഎഫ് തടഞ്ഞു. നൂറോളം തൊഴിലാളികളാണു റെയിൽപാളത്തിലൂടെ രാവിലെ ഏഴുമണിയോടെ നടക്കാൻ തുടങ്ങിയത്. പ്ലൈവുഡ്, മണൽ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നുവെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. തടഞ്ഞതോടെ ഇവർ റെയിൽവേ സ്റ്റേഷൻ പരിസരത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. നാട്ടിലേക്കു പോകാൻ ബസോ ട്രെയിനോ ഏർെപ്പടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പൊലീസും ആർപിഎഫും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു തൊഴിലാളികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിനിന് ആവശ്യപ്പെടേണ്ടത് അതതു സംസ്ഥാനങ്ങളാണ്. ട്രെയിൻ അനുവദിക്കുന്ന മുറയ്ക്ക് നാട്ടിൽപോകാൻ അവസരം ലഭിക്കും. അതുവരെ താമസം, ഭക്ഷണം എന്നിവ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. തുടർന്നു നാലു കെഎസ്ആർടിസി ബസുകളിലായി ഇവരെ വളപട്ടണത്തെ താമസ സ്ഥലങ്ങളിലേക്കു തിരിച്ചെത്തിച്ചു.

നാട്ടിൽ പോകാൻ സന്നദ്ധത അറിയിച്ചു കാത്തു നിൽക്കുന്ന 189 അതിഥിതൊഴിലാളികളാണു വളപട്ടണത്ത് ഉള്ളതെന്നും ട്രെയിൻ അനുവദിക്കുമ്പോൾ ഇവരുടെ യാത്രയ്ക്കുള്ള ക്രമീകരണം ഒരുക്കുമെന്നും വളപട്ടണം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സമൂഹ അടുക്കളയിൽ നിന്നു കൃത്യമായി ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. എല്ലാവർക്കും ഭക്ഷ്യധാന്യ കിറ്റും നൽകിയിട്ടുണ്ട്. ഇതിനുപുറമേ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളും അതിഥിതൊഴിലാളികൾക്കു ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

Related Articles

Back to top button