KeralaLatest

ഉണ്ണികളേ കുഞ്ഞുണ്ണി മാഷിനെ ഓർക്കാം

“Manju”

റ്റി. ശശിമോഹന്‍

ദാര്‍ശനികതയെ കുഞ്ഞു കവിതകളുടെ ചിമിഴിൽ ഒതുക്കിയ കവിയായിരുന്നു കുഞ്ഞുണ്ണി മാഷ്. ആൾക്കും കവിതയ്ക്കും പൊക്കം കുറവായിരുന്നു. അതുകൊണ്ടാവാം ചിലർ അദ്ദേഹത്തെ ബാല സാഹിത്യകാരനായി കണ്ടത്.

പൊക്കമില്ലായ്മയെ അക്ഷരങ്ങൾ കൊണ്ട് അതിശയിച്ചു കുഞ്ഞുണ്ണി മാഷ്‌. അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ എക്കാലവും നില നിൽക്കും. ആളുകളെ രസിപ്പിക്കും ചിന്തിപ്പിക്കും.

വായിച്ചാൽ വിളഞ്ഞു വളരും വായിച്ചില്ലേൽ വളഞ്ഞു വളരും…

കുഞ്ഞുണ്ണി മാഷിന്റെ വളരെയേറെ രസം നിറഞ്ഞ ചൊല്ലുകൾ അറിയാത്ത മലയാളി ഉണ്ടാകുമോ? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ. കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും മാതൃഭൂമി ബാലപംക്തിയിലെ കുട്ടേട്ടനായും അദ്ദേഹം പ്രിയപ്പെട്ടവനായി.

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്നൊരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.

ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ്‌ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഒതുങ്ങുന്ന ഒരു കവി ആയിരുന്നില്ല അദ്ദേഹം.

കുഞ്ഞുണ്ണി കവിതകൾ ഓരോന്നും ദാര്‍ശനികമാണ്. ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ മെരുക്കിയെടുത്ത കവിതകൾ.നർമ്മരസപ്രധാനമായ സംഭാഷണവും കലാനിപുണതയും എന്നുമുണ്ടായിരുന്നു ആ ഇത്തിരി മനുഷ്യനിൽ.

എഴുത്തുകാരൻ മാത്രമായിരുന്നില്ല അദ്ദേഹം നല്ലൊരു ചിത്രകാരനും കൂടിയായിരുന്നു. ഭൂമിഗീതം എന്നൊരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ചില കുഞ്ഞു കുഞ്ഞുണ്ണി കവിതകളിലൂടെ ഒന്ന് യേശുവിൽ ആണെന്റെ വിശ്വാസം

കീശയിൽ ആണെന്റെ ആശ്വസം

കേട്ടപ്പോൾ കാണാൻ തോന്നി

കണ്ടപ്പോൾ കെട്ടാൻ തോന്നി

കെട്ടിയപ്പോൾ, കഷ്ടം പെട്ടുപൊയെന്നും തോന്നി

തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി

പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും

മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാത്തതൊന്നും പൊന്നല്ല

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ

മുന്നോട്ടു പായുന്നിതാളുകൾ

അദ്ദേഹത്തിന്റെ വാക്കുകളുടെ ലാളിത്യം കൊണ്ട് തന്നെ ബാല സാഹിത്യ കർത്താവായാണ് കുഞ്ഞുണ്ണിമാഷ് പുറമേ അറിയപ്പെട്ടതും. മാത്രമല്ല തനിയ്ക്ക് വരുന്ന കുട്ടികളുടെ കത്തുകൾക്ക് പോലും ഒരു മുത്തശ്ശനായി നിന്ന് കൊണ്ട് അദ്ദേഹം മറുപടികൾ അയക്കുകയും ചെയ്യുമായിരുന്നു.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് ആണ് കുഞ്ഞുണ്ണി ജനിയ്ക്കുന്നത്. കോഴിക്കോടായിരുന്നു സ്ഥിര താമസം. അവിടെ ശ്രീ രാമകൃഷ്ണ മിഷൻ സ്കൂളിൽ അദ്യാപകനായിരുന്നു തന്റെ വലപ്പാടുള്ള തറവാട്ടിൽ 2006 മാർച്ച് 26-നു അദ്ദേഹം വിടപറഞ്ഞു .

“പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന് പറഞ്ഞു തന്റെ പൊക്കമില്ലായ്മയെ കളിയാക്കവരോട് തന്റേടത്തോടെ മറുപടിനല്കി അദ്ദേഹം. ആ കുറിയ്ക്കു കൊള്ളുന്ന മറുപടി ആർക്കു മറക്കാൻ കഴിയും? സാഹിത്യ അക്കാദമി പുരസ്കാരം നൽകി കുഞ്ഞുണ്ണി മാഷിനെ ആദരിച്ചിട്ടുണ്ട്.

Related Articles

Back to top button