IndiaKeralaLatest

പിഞ്ചോമനകളേയും പ്രിയതമനേയും തനിച്ചാക്കി അശ്വതി യാത്രയായി

“Manju”

നെയ്യാറ്റിന്‍കര: പ്രിയതമനെയും പിഞ്ചോമനകളെയും തീരാവേദനയിലാക്കി അശ്വതിയെ മരണം കൂട്ടിക്കൊണ്ടുപോയി. വെളളിയാഴ്ച വൈകിട്ട് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് അശ്വതിയെന്ന നഴ്സിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത്. അവണാകുഴി താന്നിമൂട് ഹരേ രാമ ഹൗസില്‍ ജിജോഷ് മിത്രയുടെ ഭാര്യയാണ് അശ്വതി വിജയന്‍ ( 31 ). മക്കള്‍ എട്ടു വയസുകാരി ദിക്ഷയും ആറു വയസുകാരന്‍ ദയാലും.
സാമ്പത്തിക ബാദ്ധ്യത കാരണമാണ് മൂന്ന് വ‌ര്‍ഷം മുമ്പ് അശ്വതി സൗദിയില്‍ ജോലിക്ക് പോയത്. ജിജോഷ് താന്നിമൂട്ടില്‍ ബേക്കറി കട നടത്തുകയാണ്. കിംസില്‍ നിന്ന് ബി.എസ് സി നഴ്സിംഗ് പാസായ അശ്വതി കുറച്ച്‌ കാലം സ്വകാര്യ ആശുപത്രികളില്‍ താല്ക്കാലിക ജോലി നോക്കിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് സൗദിയില്‍ ജോലി കിട്ടിയത്. ആദ്യ അവധിക്ക് നാട്ടില്‍ വന്ന് പോയിട്ട് മൂന്നുമാസമേ ആയുളളൂ. പുതിയ വീട് വച്ചതിന്റെ ബാദ്ധ്യതയും നഴ്സിംഗ് പഠനത്തിന്റെ വിദ്യാഭ്യാസ വായ്പയും നിലവിലുണ്ട്.
നെട്ടയം ടാഗോ‌ര്‍ നഗറില്‍ അശ്വതി ഭവനില്‍ ജലജയുടെ മകളാണ് അശ്വതി. അച്ഛന്‍ വ‌ര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ച ശേഷം വളരെ ബുദ്ധിമുട്ടിയാണ് അമ്മ അശ്വതിയെ പഠിപ്പിച്ചതും വിവാഹം നടത്തിയതും. അരുണ്‍ സഹോദരനാണ്.
നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍, ബി. ജെ. പി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രസഹമന്ത്രി വി. മുരളീധരന് കത്തയച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button