KeralaKozhikodeLatest

അഴിയൂരിന് ആശ്വാസം; ചെന്നൈയില്‍ നിന്നുവന്ന ദമ്പതികളുടെ ഫലം നെഗറ്റീവ്

“Manju”

 

വി.എം.സുരേഷ് കുമാർ

വടകര: ചെന്നെയില്‍ നിന്നു വന്ന ദമ്പതികളുടെ ഫലം നെഗറ്റീവ് ആയത് അഴിയൂരിന് ആശ്വാസമായി. പത്ത് ദിവസം മുമ്പ് വന്ന ഇവര്‍ക്ക് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പരിശോധനക്ക് വിധേയരാവുകയായിരുന്നു. ആശ്വാസത്തിനു വക നല്‍കിക്കൊണ്ട് ഇരുവരുടെയും ഫലം നെഗറ്റീവായി.

നേരത്തെ പോസിറ്റീവായ തലശേരി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഫലം നെഗറ്റീവ് ആയതോടെ ഇവര്‍ വീട്ടിലേക്കു മടങ്ങി. ഇന്നു രാവിലെ മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇവര്‍. അഴിയൂരില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ പോസിറ്റീവ് ആയിട്ടുള്ളത്. കുവൈറ്റില്‍ നിന്ന് വന്ന 32 കാരന്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മറ്റൊരാള്‍ ചെന്നൈയില്‍ നിന്നു വന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ പോസിറ്റീവായതിനെ തുടര്‍ന്നു കോഴിക്കോട് ലക്ഷദ്വീപ് ഹൗസില്‍ ചികില്‍സയിലാണ്. ഇരുവര്‍ക്കം സമ്പര്‍ക്ക സാധ്യതയില്ലാത്തത് ആശ്വാസംപകരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 438 പേര്‍ അഴിയൂരിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തതില്‍ 183 പേര്‍ നാട്ടിലെത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതില്‍ 117 പേര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 66 പേര്‍ നിരീക്ഷണ കാലായളവ് പൂര്‍ത്തിയാക്കി. നാല് പേര്‍ കോറോണ കെയര്‍ സെന്ററിലാണ് ആണ് ഉള്ളത്.

വിദേശത്ത് നിന്ന് വന്ന 30 പേരില്‍ 25 പേര്‍ വീടുകളില്‍ നീരീക്ഷണത്തിലാണ്. 5 പേര്‍ സര്‍ക്കാര്‍ ഒരുക്കിയ നിരീക്ഷണ കേന്ദത്തിലാണ് ഉള്ളത്. വടകര ഭാഗത്തേക്കുള്ള ബസ് സര്‍വ്വീസ് ഇപ്പോള്‍ ആരംഭിക്കുന്നത് പഞ്ചായത്ത് ഓഫീസിന്റെ മുന്‍ ഭാഗത്ത് നിന്നാണ്. ഒന്നില്‍ കുടുതല്‍ ബസ് നിര്‍ത്തിയിട്ടതിനാല്‍ ഗതാഗത സ്തംഭനം ഉണ്ടാകുന്ന സ്ഥിതി പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ചോമ്പാല്‍ പോലിസിന്റെ സഹായം തേടി.

ഇന്ന് ജാര്‍ഖണ്ഡിലേക്ക് 10 അതിഥി തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം പോയി. ആകെ 90 പേര്‍ നാളിതുവരെ അഴിയൂരില്‍ നിന്ന് അവരുടെ നാട്ടിലേക്ക് പോയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലടക്കം ധാരാളം പേര്‍ വിദേശത്ത് നിന്ന് അടുത്ത ദിവസങ്ങളില്‍ എത്തുന്ന സ്ഥിതിയാണ്. ഇവര്‍ക്കു പൂട്ടിയിട്ട വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുന്നതിനാല്‍ ഇത്തരം വീടുകളുടെ ഉടമകള്‍ പഞ്ചായത്തിനെ സമീപിച്ച് വീടുകള്‍ വിട്ടുതരണമെന്ന് പഞ്ചായത്ത് അഭ്യര്‍ഥിച്ചു. അല്ലാത്തപക്ഷം ഇത്തരം കെട്ടിടങ്ങള്‍ കലക്ടറുടെ ഉത്തരവ് പ്രകാരം ഏറ്റെടുക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അറിയിച്ചു.

 

Related Articles

Back to top button