IndiaLatest

യാത്രയാകും മുൻപ് എസ്പിബി പണിയിച്ചു,സ്വന്തം പ്രതിമ: കാണാൻ നിൽക്കാതെ വിടവാങ്ങി

“Manju”

ചെന്നൈ• അനശ്വരതയിലേക്കു മടങ്ങാൻ സമയമായെന്ന തോന്നൽ പ്രിയ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മനസ്സിലുണ്ടായിരുന്നോ? അതെന്തായാലും, ആരാധകരുടെ മനസ്സിൽ മധുര ഗാനങ്ങളാൽ നിത്യ സ്മാരകം പണിത ഗായകൻ, തന്റെ പ്രതിമ നിർമിക്കാൻ ശിൽപിയെ ഏൽപ്പിച്ചിരുന്നു.

ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ ശിൽപി രാജ് കുമാറിന്റെ കരവിരുതിൽ മനോഹരമായ ശിൽപം പൂർത്തിയായെങ്കിലും കാണാൻ നിൽക്കാതെ ഗായകൻ വിടവാങ്ങി.

നെല്ലൂരിലെ കുടുംബ വീട് എസ്പിബി കാഞ്ചി മഠത്തിനു കൈമാറിയിരുന്നു. ഇവിടെ സ്ഥാപിക്കാൻ അച്ഛന്റെയും അമ്മയുടെയും പ്രതിമ നിർമിക്കാനാണ് എസ്പിബി ആദ്യം രാജ്കുമാറിനോട് ആവശ്യപ്പെട്ടത്. ഓഗസ്റ്റിൽ കുടുംബ വീട് കൈമാറുന്നതിനൊപ്പം പ്രതിമ അനാവരണവും നടത്താനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു. പിന്നീടാണ്, മാതാപിതാക്കൾക്കൊപ്പം തന്റെ പ്രതിമ കൂടി നിർമിക്കാൻ എസ്പിബി രാജ് കുമാറിനോട് ആവശ്യപ്പെട്ടത്.

കോവിഡ് ആയതിനാൽ നേരിട്ടു വരാനാകില്ലെന്നറിയിച്ചു ഫോട്ടോകൾ അയച്ചുകൊടുത്തു. ഇടയ്ക്കു നിർമാണം എവിടെ വരെയായെന്ന് അന്വേഷിക്കുകയും ചെയ്തു.

പ്രതിമ നിർമാണം പൂർത്തിയാക്കിയ ഉടൻ ചെന്നൈയിലെത്തി കൈമാറണമെന്നായിരുന്നു ആഗ്രഹം. അതിനിടയ്ക്കു കോവിഡ് ബാധിച്ച് എസ്പിബി ആശുപത്രിയിലായി. നെല്ലൂരിലെ കുടുംബ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എസ്പിബി പ്രതിമയും അനാവരണം ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണിപ്പോൾ രാജ്കുമാർ.

Related Articles

Back to top button