IndiaLatest

റെയിൽവേ രാജ്യത്തിന്റെ നിർണായക സമ്പത്തായി മാറ്റും : പ്രധാനമന്ത്രി

“Manju”

ഗാന്ധിനഗർ: ഇരുപതാം നൂറ്റാണ്ടിൽ നിർവ്വഹിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങൾ നടപ്പാക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് പുതിയ കാഴ്ചപ്പാടോടെ റെയിൽവേയെ ഉൾപ്പെടെ നവീകരിക്കുന്നത്. സേവന മേഖലയായിട്ടല്ല, രാജ്യത്തിന്റെ നിർണായക സമ്പത്തായിട്ടാണ് റെയിൽവേയെ മാറ്റിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ പോലൊരു രാജ്യത്ത് റെയിൽവേയുടെ പങ്ക് വളരെ വലുതാണ്. ഇതോടൊപ്പം വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക്് റെയിൽവേയെ നയിക്കേണ്ടതുണ്ട്. വികസനമെന്നാൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേയുടെ സുരക്ഷയും വേഗതയും വൃത്തിയും സൗകര്യങ്ങളും മെച്ചപ്പെട്ടു. സാധാരണക്കാർക്കും അനുഭവിക്കാവുന്ന വിധത്തിലാണ് ഈ സൗകര്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

7400 ചതുരശ്ര മീറ്ററിൽ 790 കോടി രൂപ മുതൽ മുടക്കിയാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്. ഗുജറാത്ത് സർക്കാരും റെയിൽവേയും രൂപീകരിച്ച സ്‌പെഷൽ പർപ്പസ് വെഹിക്കിളിന്റെ മേൽനോട്ടത്തിലാണ് ഹോട്ടൽ നിർമാണം പൂർത്തിയായത്. 318 മുറികൾ ഉളള ഹോട്ടൽ ലീല ഗ്രൂപ്പാണ് നടത്തുക.

ടയർ 2, ടയർ 3 നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ പോലും ഇപ്പോൾ വൈ-ഫൈ സൗകര്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബ്രോഡ്‌ഗേജിലെ ആളില്ലാ റെയിൽക്രോസിംഗുകൾ പൂർണ്ണമായും ഒഴിവാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിയ പരിശ്രമത്തെത്തുടർന്ന് ഇന്നിപ്പോൾ ട്രെയിനുകൾ ആദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ എത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരേസമയം രണ്ട് പാളങ്ങളിൽ സഞ്ചരിച്ചാൽ മാത്രമേ പുതിയ ഇന്ത്യയുടെ വികസനത്തിന്റെ വാഹനം മുന്നോട്ട് പോകുകയുള്ളൂവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു പാളം ആധുനികതയാണ്, മറ്റൊന്ന് പാവപ്പെട്ടവരുടെയും കർഷകരുടെയും മധ്യവർഗത്തിന്റെയും ക്ഷേമവും, പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button