KeralaLatest

എലിവേറ്റഡ്‌ ഹൈവേ 3 വര്‍ഷത്തിനകം

“Manju”

ശ്രീജ.എസ്

 

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡ് എലിവേറ്റഡ് ഹൈവേ നിര്‍മാണം മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി 624.48 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന് കഴിഞ്ഞദിവസമാണ് ഭരണാനുമതി ലഭിച്ചത്. മഴക്കാലം അവസാനിക്കുന്നതിന് മുന്‍പ് ടെന്‍ഡര്‍ ചെയ്യാനാണ് ശ്രമം. നിര്‍മാണോദ്ഘാടനം വൈകാതെ ഉണ്ടാകും.

കളര്‍കോട് മുതല്‍ ചങ്ങനാശേരി പെരുന്ന വരെ 24.14 കിലോമീറ്റര്‍ റോഡാണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഉയര്‍ത്തി നിര്‍മിക്കുന്നത്. പത്തു മീറ്റര്‍ വീതിയിലാണ് രണ്ടുവരിപ്പാത. നടപ്പാതകൂടി ഉള്‍പ്പെടുബോള്‍ 13– 14 മീറ്ററാകും. വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ചിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മിക്കും. വലിയ പാലങ്ങളുടെ വീതികൂട്ടല്‍, നടപ്പാത, ചെറിയ പാലങ്ങള്‍, ക്രോസ് വേ, കള്‍വര്‍ട്ട് തുടങ്ങിയവയുടെ നിര്‍മാണവും പദ്ധതിയിലുണ്ട്.

ഐക്യ കേരളത്തിലെ ആദ്യ റോഡുകളിലൊന്നായ എസി റോഡ് ആലപ്പുഴക്കുള്ള ഇ എം എസ് സര്‍ക്കാരിന്റെ സമ്മാനമായിരുന്നു. കുട്ടനാട്ടിലെ ആദ്യ റോഡാണിത്. 1955ല്‍ കൈതവന മുതല്‍ പെരുന്നവരെ റോഡ് നിര്‍മാണം തുടങ്ങി. കുട്ടനാട്ടിലെ ചെളികുത്തിയെടുത്ത് നിരത്തിയാണ് ആദ്യഘട്ടത്തില്‍ റോഡ് നിര്‍മിച്ചത്. 11 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി ഇ എം എസ് റോഡ് ഉദ്ഘാടനംചെയ്തു.അന്ന് മൂന്ന് വലിയപാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നില്ല. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങള്‍ നിര്‍മിച്ച്‌ നാടിനു സമര്‍പ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ്.

പ്രളയത്തെ അതിജീവിക്കാന്‍ കുട്ടനാട്ടിലെ ഭൂപ്രകൃതിയും മണ്ണിന്റെ പ്രത്യേകതയും റോഡിന് പലതവണ വിനയായി. മഴക്കാലത്ത് റോഡ് ഇടിഞ്ഞുതാഴുക പതിവായി. 2018ലെ പ്രളയത്തില്‍ എസി റോഡ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. 60 സെന്റീ മീറ്റര്‍ മുതല്‍ 1.30 മീറ്റര്‍ വരെയാണ് ജലനിരപ്പുയര്‍ന്നത്. രണ്ടു മാസം ഗതാഗതം മുടങ്ങി. പ്രളയജലം ഇറങ്ങിയതോടെ 90 ലക്ഷം രൂപ മുടക്കി കുഴി അടച്ചു. പത്തുകോടി ചെലവില്‍ താഴ്ന്ന പ്രദേശങ്ങള്‍ 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി. കളര്‍കോട് മുതല്‍ പെരുന്ന വരെ ഏഴു മീറ്റര്‍ വീതിയില്‍ ഉപരിതലം പുതുക്കി.പ്രളയാനുഭവമാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയത്തിലേക്ക് നയിച്ചത്.

പ്രളയത്തെ അതിജീവിക്കുന്ന റോഡ് നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി സുധാകരന് നിര്‍ദ്ദേശം നല്‍കി. 2018ലും കഴിഞ്ഞവര്‍ഷവും മന്ത്രിയുടെ അധ്യക്ഷതയില്‍ ശില്‍പ്പശാല നടത്തി അഭിപ്രായം സമാഹരിച്ചു. റോഡ് ഉയര്‍ത്തി നിര്‍മിക്കുക, പറ്റാത്ത സ്ഥലങ്ങളില്‍ ഫ്ലൈ ഓവര്‍ നിര്‍മിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്. മണ്ണ് പരിശോധന, ട്രാഫിക്, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ തുടങ്ങിയവ നടത്തി. 95 സ്ഥലങ്ങളില്‍ 75 മീറ്ററോളം ആഴത്തില്‍ മണ്ണിന്റെ ഘടനാപരിശോധന നടത്തി. റോഡിന്റെ തല്‍സ്ഥിതി, കലുങ്കുകള്‍, പാലങ്ങള്‍, സമീപത്തെ കെട്ടിടങ്ങള്‍ എന്നിവയുടെ ഉപരിതല സര്‍വേ നടത്തി അലൈന്‍മെന്റ് പ്ലാന്‍ തയ്യാറാക്കി. തുടര്‍ന്നാണ് പദ്ധതി രേഖ മന്ത്രിസഭയ്ക്കു് മുന്നില്‍വച്ച്‌ അനുമതി നേടിയത്.

Related Articles

Back to top button