KeralaLatest

ആദ്യ കേരള ബജറ്റ് അവതരിപ്പിച്ചിട്ട് 63 വർഷം

“Manju”

ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിട്ട് 63 വര്‍ഷമായി. 1957 ജൂണ്‍ ഏഴിന് കമ്യൂണിസ്റ്റ് നേതാവും അന്നത്തെ ധനമന്ത്രിയുമായിരുന്ന സി. അച്യുതമേനോന്‍ ആണ്. ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ബജറ്റ് അവതരണം നടന്നത്.

അന്നത്തെ മന്ത്രിസഭയില്‍ അംഗമായിരുന്നവരില്‍ കെ.ആര്‍ ഗൗരിയമ്മ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവായിരുന്ന പി.ടി ചാക്കോയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇ.എം.എസ് ആയിരുന്നു മുഖ്യമന്ത്രി. ശങ്കരനാരായണന്‍ തമ്പി ആയിരുന്നു നിയമസഭാ സ്പീക്കര്‍ കസേരയില്‍.

അച്യുതമേനോൻ ബജറ്റ്‌ പ്രസംഗം തുടങ്ങിയത്‌ ഇങ്ങനെ: “കേരള സംസ്ഥാനത്തിലെ പ്രഥമ ബജറ്റ്‌ അവതരിപ്പിക്കുന്നതിനുള്ള അസുലഭമായ ഭാഗ്യം കൈവന്നതിൽ ഞാൻ അംഗമായിട്ടുള്ള ഗവൺമെന്റിനും എനിക്കുമുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തിക്കൊള്ളട്ടെ. അത്‌ ചെയ്യുമ്പോൾ ഈ സംസ്ഥാനത്തെ നേരിടുന്ന പ്രശ്നങ്ങളുടെ വൈപുല്യവും നമ്മുടെ ഇന്നത്തെ കഴിവുകളുടെ പരിമിതിയും ഞാൻ ഓർക്കായ്കയല്ല. എന്നിരുന്നാലും കേരളീയ ജനതയുടെ നീണ്ടകാലത്തെ യത്നങ്ങളുടെയും സമരങ്ങളുടെയും ഫലമായി ലഭിച്ച സംസ്ഥാനത്തെ കെട്ടിപ്പടുക്കുകയെന്ന മഹത്തായ കടമയിൽ ഈ സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ കക്ഷികളുടെയും ആളുകളുടെയും നിർലോഭമായ സഹകരണം ഉണ്ടാകുമെന്ന ഉറപ്പ്‌ എനിക്ക്‌ ആത്മവിശ്വാസം നൽകുന്നു.”

അച്യുതമേനോൻ ബജറ്റ്‌ പ്രസംഗം അവസാനിപ്പിച്ചത്‌ ഇങ്ങനെ: “ഈ സംസ്ഥാനത്തെ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ യാഥാർത്ഥ്യബോധത്തോടുകൂടി സമീപിക്കാനും അവയ്ക്ക്‌ ഉചിതമായ പരിഹാരങ്ങൾ കണ്ടുപിടിച്ച്‌ നിർദ്ദേശിക്കാനും കഴിവിനൊത്ത്‌ ഗവൺമെന്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. സഭയുടെ സഹായകരമായ വിമർശനത്തിനും വിലയേറിയ നിർദേശങ്ങൾക്കും ഞാനിതു സമർപ്പിക്കുന്നു. കക്ഷി ഏതായാലും അഭിപ്രായവ്യത്യാസം എന്തുതന്നെയായാലും നാമെല്ലാം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ പുനർനിർമാണമാകുന്ന മഹത്തായ സംരംഭത്തിൽ ഭാഗഭാക്കുകളാണെന്ന സത്യം അവശേഷിക്കുന്നു. ഈ ബജറ്റ്‌ ചർച്ചയും അതിലേയ്ക്കുള്ള കനത്ത സംഭാവനയായിത്തീരട്ടെ എന്നു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ ഉപസംഹരിക്കുന്നു.

ഐക്യകേരളം രൂപീകൃതമായതിനു ശേഷമുള്ള ബജറ്റ് പോലെ ചരിത്രത്തില്‍ തന്നെ പ്രസക്തമാകാന്‍ പോകുന്ന ബജറ്റാണ് അടുത്തവര്ഷം തോമസ് ഐസക് അവതരിപ്പിക്കേണ്ടി വരിക കാരണം ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം കൊറോണയും പ്രളയവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തിരിക്കുകയാണ് . കേരളത്തെ പിടിച്ചുയര്‍ത്താനും സാമ്പത്തിക നില ഭദ്രമാക്കാനും ഉതകും വിധമുള്ള പദ്ധതികളായിരിക്കണം ഇനി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഉണ്ടായിരിക്കേണ്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തന്നെയായിരിക്കും ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.

കേരളത്തിൽ ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ചത് കെ എം മാണി ആണ്.ഫ്രഞ്ച് ഭാഷയിൽ ചെറിയ ബാഗ് എന്നർഥമുള്ള ‘ബൊഗെറ്റ്’ എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 1955 വരെ കേന്ദ്ര ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബജറ്റ് പേപ്പറുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും അച്ചടിക്കാൻ തീരുമാനിച്ചു.

ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര ബജറ്റ് 1947 നവംബർ 26 ന് ആർ‌.കെ ഷൺമുഖൻ ചെട്ടി അവതരിപ്പിച്ചു. റെയിൽ‌വേയും യൂണിയൻ ബജറ്റും 2017 വരെ വെവ്വേറെയാണ് അവതരിപ്പിച്ചിരുന്നത്. അതിനുശേഷം അവ ഒരൊറ്റ ബജറ്റിലേയ്ക്ക് ലയിപ്പിച്ചു. 2019 ൽ സീതാരാമൻ പരമ്പരാഗത ബജറ്റ് ബ്രീഫ്കേസ് ഉപേക്ഷിച്ചു, പകരം, ദേശീയ ചിഹ്നമുള്ള ചുവന്ന തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ പാർലമെന്റിൽ കൊണ്ടു വന്നത്. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മൊറാർജി ദേശായിയാണ്. 10 കേന്ദ്ര ബജറ്റുകൾ മൊറാർജി ദേശായി പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ധനമന്ത്രിയുടെ ഏറ്റവും ഉയർന്ന ബജറ്റ് അവതരണ നിരക്കാണ്. പി ചിദംബരം ഒമ്പത് ബജറ്റുകളുമായി തൊട്ടുപിന്നിലുണ്ട്

Related Articles

Back to top button