KeralaKottayamLatest

ബിലാൽ അതിബുദ്ധിമാൻ:തെളിവുകൾ നശിപ്പിക്കാൻ കാണിച്ചത് അസാമാന്യ സാമർഥ്യം

“Manju”

കോട്ടയം • ബിലാൽ മാനസിക അസ്വാസ്ഥ്യമുള്ള ആളല്ല. മറിച്ച്, കൂടുതൽ ബുദ്ധിമാനാണെന്ന നിലപാടിലാണു പൊലീസ്. തെളിവുകൾ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണു പൊലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാൻ വീട്ടിൽ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളതു കൊണ്ടാകാം ബിലാൽ അതൊക്കെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയതെന്നു പൊലീസ് കരുതുന്നു.

ഷീബയുടെ വീട്ടിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചതു തെറ്റായ ടവർ ലൊക്കേഷനിലൂടെ പൊലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കാം. ഷീബയെയും അബ്ദുൽ സാലിയെയും ആക്രമിച്ചതിനു ശേഷം വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്തതിനു ശേഷമാണു പാചകവാതക സിലിണ്ടറിൽ നിന്നു ഗ്യാസ് തുറന്നുവിട്ടത്.

ആരെങ്കിലും ലൈറ്റ് ഓൺ ചെയ്താൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നു പ്രതി കരുതിയിരിക്കാമെന്ന് അന്വേഷണ സംഘാംഗമായ കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാകണം ഇയാൾ മോഷ്ടിച്ച കാർ ആലപ്പുഴ വരെ ഓടിച്ചുകൊണ്ടുവന്നത്. ആലപ്പുഴയിൽ എത്തിയ ശേഷം കെഎസ്ആർടിസി ബസുകൾ മാറിക്കയറിയാണ് എറണാകുളത്ത് എത്തിയത്. 130 കിലോയാണു ബിലാലിന്റെ ശരീരഭാരമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button