IndiaLatest

യുവതിയെ കൊന്ന് കുഴിച്ചിട്ട് യുവഡോക്ടർ

“Manju”

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ യുവ ഡോക്ടർ അറസ്റ്റിൽ. സംഭവത്തിൽ പോലീസുകാരേയും നാട്ടുകാരേയും കബളിപ്പിക്കാൻ സിനിമാ സ്റ്റൈലിലാണ് ഇയാൾ കാര്യങ്ങൾ ചെയ്തത്. മദ്ധ്യപ്രദേശിലെ സാത്‌ന ജില്ലിയിലെ ദന്തഡോക്ടറായ അശുതോഷ് ത്രിപാഠിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കെവാത്തിനെയാണ് രണ്ട് മാസം മുൻപ് കൊലപ്പെടുത്തി കുഴിച്ചിട്ടത്. ഡിസംബർ 14നാണ് വിബയെ കാണാതാകുന്നത്. രാവിലെ ക്ലിനിക്കിൽ ജോലിക്ക് പോയ മകൾ തിരിച്ചെത്തിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്ലിനിക്കിന്റെ ഉടമയായ അശുതോഷിനോട് വിവരം തിരക്കിയെങ്കിലും യുവതിയുടെ മാതാപിതാക്കളെ ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും അവർ ഒറ്റയ്ക്ക് ജീവിക്കുകയാണെന്നും ഇയാൾ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞു. യുവതിയെ ഫോണിലൂടെ ബന്ധപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിക്കുകയായിരുന്നു. പിന്നീട് സംശയം വർദ്ധിച്ചതോടെ ഫെബ്രുവരിയിൽ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ കേസെടുത്ത പോലീസ് ആദ്യം അശുതോഷിനെ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം കുറ്റം സമ്മതിച്ചില്ല. പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് രഹസ്യമായി അന്വേഷണം തുടർന്നു. ഡിസംബർ 14ന് ഇരുവരുടേയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഒരേ സ്ഥലത്തായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

വിബയും താനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. വിബയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. ഇതിന് മുന്നോടിയായി നായയുടെ ജഡവും സംഘടിപ്പിച്ചിരുന്നു.

നായയെ കുഴിച്ചിടാനെന്ന വ്യാജേന തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുത്തു. ഇവർ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനു മുകളിലായി നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ആർക്കെങ്കിലും സംശയം തോന്നിയാലോ ദുർഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് തെളിയിക്കാനായിരുന്നു ഈ നീക്കം.

പോലീസിനേയും ആളുകളേയും തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. യുവഡോക്ടർ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസുകാർ വിശ്വസിച്ചിട്ടില്ല. നായയുടെ ജഡം സംഘടിപ്പിച്ച് ഡോക്ടർക്ക് നൽകിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button