KeralaLatest

പത്മനാഭസ്വാമി ക്ഷേത്രം ചൊവ്വാഴ്ച തുറക്കും

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: 77 ദിവസത്തെ അടച്ചുപൂട്ടലിനു ശേഷം പദ്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കും. സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ക്ഷേത്രം തുറക്കുന്നത്. കര്‍ശന നിയന്ത്രണമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേനയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കുക. അതായത് ദര്‍ശനത്തിനായി നേരത്തെ ബുക്ക് ചെയ്യണം. പരിസരവാസികള്‍ക്ക് വടക്കേനടയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷം നേരത്തെ രജിസ്റ്റര്‍ ചെയ്തതില്‍ എന്തെങ്കിലും ഒഴിവുണ്ടെങ്കില്‍ മാത്രം പ്രവേശനം അനുവദിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വിവിഐപി ദര്‍ശനത്തിന് നിയന്ത്രണമില്ല. രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകിട്ട് 5 മുതല്‍ 6.30 വരെയുമാണ് ഭക്തര്‍ക്ക് പ്രവേശനമുണ്ടാവുക.

വടക്കേ നടവഴിയാണ് പ്രവേശനം. പുറത്തേക്കിറങ്ങുന്നത് പടിഞ്ഞാറേ നടവഴിയും. spst.in എന്ന വെബ്‌സൈറ്റിലൂടെയാണ് വെര്‍ച്വല്‍ക്യൂ ബുക്ക് ചെയ്യേണ്ടത്. എല്ലാ ദിവസവും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബുക്കിംഗ് സൗകര്യമുണ്ടാകും. ദര്‍ശനത്തിന് ഒരുദിവസം മുന്‍പേ ബുക്ക് ചെയ്യണം. ബുക്കിംഗ് ചെയ്യാതെ എത്തുന്നവര്‍ക്കും വടക്കേ നടയിലെ ക്രമീകരണം ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് കുറവാണെങ്കില്‍ ഇവരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കും. എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതിയിരിക്കണം. ഭക്തരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കിയ ശേഷമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക.

വെര്‍ച്വല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോഴും ഒരു പോയിന്റില്‍ നിന്നും അഞ്ചുപേര്‍ മാത്രം, അതായത് ഒരേസമയം ക്ഷേത്രത്തിനകത്ത് 35 പേര്‍ മാത്രമേ ഉണ്ടാകൂ എന്നതാണ് പ്രധാന നിയന്ത്രണം. ഒരുദിവസം ഏകദേശം 650 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ടാകും. രണ്ടര മാസത്തോളം ക്ഷേത്രം അടച്ചിട്ടതു കാരണം ജീവനക്കാര്‍ക്ക് പെന്‍ഷനും ശബളവും നല്‍കുന്നതിനു വരെ പത്മനാഭസ്വാമി ക്ഷേത്രം വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഒന്നരക്കോടി രൂപയാണ് പെന്‍ഷനും ശബളം വിതരണത്തിനുമായി വേണ്ടത്. ഇതൊക്കെ ക്ഷേത്രം തുറക്കുന്നതോടെ പരിഹരിക്കപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ഐഎഎസ് പറഞ്ഞു. മാത്രമല്ല സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തീര്‍ത്ഥാടക ടൂറിസ്റ്റുകളാണ് അധികവും ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇവരൊന്നും ദര്‍ശനത്തിനായി വരില്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ കണക്കുകൂട്ടല്‍. അതിനാല്‍ രോഗവ്യാപന ഭീതിയുമില്ല. ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. 10 വയസിനു താഴെയും 65 വയസിനു മുകളിലുമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഭക്തര്‍ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും രതീശന്‍ പറഞ്ഞു..

Related Articles

Back to top button