KeralaLatest

മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി: കേസെടുക്കാതെ പൊലീസ് വിട്ടയച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഓയൂര്‍: അമ്മയും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിന്റെ മതില്‍ ചാടിക്കടന്ന മോഷ്ടാവ് വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പൈപ്പിലൂടെ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേ പൈപ്പൊടിഞ്ഞ് കിണറ്റില്‍ വീണു. സംഭമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇയാളെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി ചടയമംഗലം പൊലീസില്‍ ഏല്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചതായി പരാതി. പത്തനാപുരം സ്വദേശിയാണെന്നും രഞ്ജിത്തെന്നാണ് പേരെന്നുമാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. കാരാളിക്കോണം കുഴിവിള ബംഗ്ലാവില്‍ പരേതനായ നൗഷാദിന്റെ വീട്ടില്‍ ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. നൗഷാദിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസം. നൗഷാദിന്റെ മകന്‍ മുഹമ്മദാണ് മതില്‍ ചാടിക്കടന്ന് വരുന്ന മോഷ്ടാവിനെ കണ്ടത്. ഭയന്ന് കുളിമുറിയിലേക്ക് ഓടിക്കയറി നിലവിളിച്ച കുട്ടിയെ കുളിമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്ന് മോഷ്ടാവ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമീപവാസികള്‍ ഓടിക്കൂടിയതോടെ പൈപ്പിലൂടെ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് പൈപ്പൊടിഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ സ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പരാതി ഇയാളില്‍ നിന്ന് എഴുതി വാങ്ങി മോഷ്ടാവിനെ വിട്ടയക്കുകയായിരുന്നു. എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് നൗഷാദിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മരംവെട്ട് തൊഴിലാളിയായ ഇയാള്‍ ജോലിക്കായി ആറ് മാസമായി കാരാളിക്കോണത്ത് താമസിച്ചു വരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles

Back to top button