KeralaLatest

ഒരാഴ്ചയ്ക്കകം കേരളത്തിലെത്തുന്നത് അയ്യായിരം പ്രവാസികള്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം- വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കകം അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്താനിരിക്കെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. വരുന്ന എട്ടുദിവസത്തിനകം കൊച്ചി,തിരുവനന്തപുരം , കോഴിക്കോട് വിമാനത്താവളങ്ങള്‍ മുഖാന്തിരമാണ് ഗള്‍ഫ് നാടുകളുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ എത്തുന്നത്. വന്ദേഭാരത് ദൗത്യം തുടങ്ങിയശേഷം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസികളില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി വീടുകളിലും മറ്റും ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നവരെ നിരന്തരം നിരീക്ഷിക്കാനും സമൂഹവ്യാപനം തടയുന്നതിനുമുള്ള നടപടികളാണ് ആവിഷ്കരിക്കുന്നത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരെ തരം തിരിച്ച്‌ ആരോഗ്യപ്രശ്നങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമെന്ന് കാണുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളിലും കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

നാളെ മുതല്‍ 18 വരെ 14 ചാര്‍ട്ടര്‍ വിമാനങ്ങളാണ് കൊച്ചിയിലെത്തുക. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അള്‍ജീരിയ, ഘാന, തജിഖിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൊച്ചിയിലേക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

ഗള്‍ഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്ന് കൂടുതല്‍ വിമാനങ്ങളും ഈയാഴ്ച കൊച്ചിയിലെത്തും. വിവിധ കമ്പനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സിയാല്‍ അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈത്ത്‌, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്ന്‌ എയര്‍ ഇന്ത്യ വിമാനങ്ങളെത്തും. സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകളുമുണ്ട്. സിഡ്‌നിയില്‍ നിന്ന് ഡല്‍ഹി വഴിയുള്ള വിമാനം 23ന് കൊച്ചിയില്‍ എത്തും. 29നാണ് രണ്ടാം വിയറ്റ്‌നാം സര്‍വീസ്. മാര്‍ട്ടയില്‍ നിന്ന് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും 16നുശേഷമേ ഉണ്ടാകൂ.

Related Articles

Back to top button