KeralaLatest

വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഇനി ഓണ്‍ലൈനില്‍

“Manju”

Image result for വാഹനങ്ങള്‍

ശ്രീജ.എസ്

ഡല്‍ഹി : വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായും ഈ അഭിപ്രായം ലഭിച്ചാല്‍ 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയേക്കും.

പുതിയ വാഹനം വാങ്ങുമ്പോള്‍ ആര്‍ടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ അന്തിമവിജ്‍ഞാപനം വരുന്നതോടെ അവസാനിക്കും. നിലവിലെ രീതി അനുസരിച്ച്‌ രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന.എന്നാല്‍ ‘വാഹന്‍’ സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വാഹനത്തിന്റെ വിവരങ്ങള്‍ ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് . അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.

ഷാസി വാങ്ങിയ ശേഷം ബോഡി നിര്‍മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങള്‍ ഇപ്പോഴുള്ളതു പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ നടപടികള്‍ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.

അതെ സമയം വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓണ്‍ലൈന്‍ വഴിയാകും. പഴയ വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെ രേഖകള്‍ ആര്‍ടി ഓഫിസില്‍ തിരിച്ചേല്‍പിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും. ഇനിമുതല്‍ വാഹനം വില്‍ക്കുന്നയാള്‍ തന്നെ വാങ്ങുന്നയാള്‍ക്ക് നേരിട്ട് രേഖകള്‍ കൈമാറിയാല്‍ മതി. അതേസമയം കേരളം ഈ മാറ്റം സ്വാഗതം ചെയ്‍തതായാണ് റിപ്പോര്‍ട്ടുകള്‍.

 

Related Articles

Back to top button