KeralaLatest

തിരുവനന്തപുരം ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ കേന്ദ്രമാകുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വഞ്ചിയൂരില്‍ ഗൃഹനാഥന്റെ മരണവും കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല ഉറവിടമറിയാത്ത രോഗകേന്ദ്രമായി മാറി. സംസ്ഥാനത്ത് ആദ്യം കൊവിഡ് ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശിയും റിട്ട.എ.എസ്.ഐയുമായ അബ്ദുള്‍ അസീസിന്റെ മരണം മാസങ്ങള്‍ പിന്നിട്ടിട്ടും രോഗബാധയുണ്ടായതെങ്ങനെയെന്നത് അവ്യക്തമായി തുടരുന്നതിനിടെയാണ് ജില്ലയില്‍ ഉറവിടമറിയാത്ത പുതിയ കേസുകള്‍ ഒന്നൊന്നായി തലപൊക്കുന്നത്.

കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ രോഗകാരണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമജീവിതം നയിച്ചുവന്ന രമേശന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിലും വഞ്ചിയൂരുമായി മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുമായി അടുത്തിടപഴകിയ ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാരും രമേശനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും നിരീക്ഷണപ്പട്ടികയിലുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുടെ രോഗബാധയെ തുടര്‍ന്ന് ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ഇവര്‍ സന്ദ‌ര്‍ശിച്ച പൊതു സ്ഥലങ്ങളും വഞ്ചിയൂരില്‍ രമേശന്റെ വീടും പരിസരവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ അണുവിമുക്തമാക്കി.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിനും മറ്റും അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും രോഗികളുമായും വീട്ടുകാരുമായും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനിടയിലോ ജോലിയുടെ ഭാഗമായ ആശുപത്രി യാത്രകള്‍ക്കിടയിലോ ആകാം കാട്ടാക്കടയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ പോയാല്‍ സമൂഹവ്യാപനം പോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കും.

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിന്‍പുറം, കൊല്ലോട് എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ആരോഗ്യപ്രവര്‍ത്തകയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. രോഗം തിരിച്ചറിയും മുമ്പ് നൂറോളം വീടുകളില്‍ ഇവര്‍ ഫീല്‍ഡ് വിസിറ്റ് നടത്തിയിരുന്നു. ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു. ബാങ്കും എ.ടി.എമ്മും സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കുടുംബശ്രീ യോഗവും ചേര്‍ന്നു. ഇത്തരത്തില്‍ ഇവരുമായി അടുത്തിടപഴകിയ 250 പേരെയാണ് ഇന്നലെ ക്വാറന്റൈനിലാക്കിയത്. ഇവരുടെ സ്രവ പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന് നടക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു രമേശന്‍. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. മേയ് 23 മുതല്‍ മെയ് 28 വരെ ജനറല്‍ ആശുപത്രിയില്‍ ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ജൂണ്‍ 5ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 12ന് ഇദ്ദേഹം മരിച്ചു. പിന്നീട് സ്രവമെടുത്തു പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഇയാളുടെ ബന്ധുക്കളുടെ യാത്രാവിവരമടക്കം ജില്ലാഭരണകൂടം പരിശോധിക്കുന്നുണ്ട്. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നേരത്തേ മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിനും നാലാഞ്ചിറയിലെ വൈദികനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button