KeralaLatest

ലേണേഴ്‌സ് ടെസ്റ്റും വീട്ടിലിരുന്ന്; ജയിക്കാന്‍ വേണ്ടത് 30 ശരി ഉത്തരങ്ങള്‍

“Manju”

ശ്രീജ.എസ്

കോവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് പരീക്ഷ ഓണ്‍ലൈനാക്കുന്നു. വീട്ടിലിരുന്നും മൊബൈല്‍ ഫോണിലൂടെയോ കംപ്യൂട്ടര്‍വഴിയോ പരീക്ഷ എഴുതാം. അടച്ചിടലിനുശേഷം നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ടെസ്റ്റുകളാണ് പുനരാരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനുള്ള ‘സാരഥി’ സോഫ്റ്റ് വെയറില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാല്‍ ടെസ്റ്റ് ആരംഭിക്കും. നാലുലക്ഷം അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇപ്പോള്‍ ഓഫീസുകളില്‍ ടെസ്റ്റ് പ്രായോഗികമല്ലാത്തതിനാലാണ് തത്കാലം ഓണ്‍ലൈനില്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 50 ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയ്ക്ക് അരമണിക്കൂര്‍ അനുവദിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷാസൈറ്റില്‍ പ്രവേശിക്കുന്നതിന് യൂസര്‍നെയിമും പാസ്‌വേഡും നല്‍കും.

ജയിക്കാന്‍ 30 ശരി ഉത്തരങ്ങള്‍ വേണം. രാത്രി എട്ടുമുതല്‍ 11 വരെയോ അല്ലെങ്കില്‍ പൂര്‍ണസമയമോ ടെസ്റ്റ് അനുവദിച്ചേക്കും. ഇതിന്റെ നടപടിക്രമം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിക്കും. അതേസമയം ഓണ്‍ലൈന്‍ പരീക്ഷയില്‍ ആള്‍മാറാട്ടവും ക്രമക്കേടും തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ 20 മാര്‍ക്കിന്റെ പരീക്ഷയാണ് നടത്തിയിരുന്നത്. ഇതില്‍ 12 മാര്‍ക്ക് നേടുന്നവര്‍ വിജയിച്ചിരുന്നു. താരതമ്യേന ലഘുവായ ചോദ്യങ്ങള്‍ ആണെങ്കില്‍ക്കൂടി 20 ശതമാനം പേര്‍ തോറ്റിരുന്നു. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

Related Articles

Back to top button