Uncategorized

ആയൂർവേദ,സിദ്ധ ഡോക്ടറാകാൻ കെ.ആർ.നാരായണൻ സ്കോളര്‍ഷിപ്പുമായി ശാന്തിഗിരി ആശ്രമം

“Manju”

പോത്തൻകോട് (തിരുവനന്തപുരം) : ഭാരതത്തിന്റെ തനതു ചികിത്സസമ്പ്രദായമായ സിദ്ധ (ബി.എസ്.എം.എസ്) ആയൂർവേദ (ബി.എ.എം.എസ്) മെഡിക്കല്‍ വിദ്യഭ്യാസത്തിന് ഒന്നരക്കോടി രൂപയുടെ കെ.ആർ . നാരായണൻ എന്‍ഡോവ്മെന്റുമായി ശാന്തിഗിരി ആശ്രമം. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

കോവിഡ് കാലത്ത് ആരോഗ്യത്തിന്റെയും രോഗപ്രതിരോധത്തിന്റേയും ഇടങ്ങൾ തേടി നാം ചെന്നത് നമ്മുടെ പരാമ്പരാഗതമായ ചികിത്സാശാസ്ത്രങ്ങളിലാണ്. ഭാരതത്തിന് മാത്രം അവകാശപ്പെടാനാവുന്നതും പ്രകൃതിദത്തവുമയായ ചികിത്സാ രീതികളായ ആയുർവേദവും സിദ്ധവും പഠിക്കുന്നത് നമ്മുടെ പാരമ്പര്യ സ്വത്തിനെ സംരക്ഷിക്കുന്നതിനു തുല്യമാണ്. ആയുർവേദ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമപൗരൻ എന്ന പദവിയിലേക്കുയർന്ന കെ.ആർ.നാരായണന്റെ പേരിലുളള സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നതിൽ ഒരു ഭാരതീയ പൗരൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. മുൻ രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ 2003ൽ അദ്ധേഹത്തിൻ്റെ ഉഴവൂരിലെ കുടുംബവീട് ആശ്രമത്തിന് സമർപ്പിച്ചിരുന്നു. ഈ സ്ഥലത്ത് ആയൂർവേദ സിദ്ധ ഗവേഷണ കേന്ദ്രം സ്ഥാപിതമാവുകയും 2005 ഫെബ്രുവരിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻസിങ്ങ് നാടിന് സമർപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലും പാലക്കാട് ആയൂർവേദ മെഡിക്കൽ കോളേജിലും ബിരുദപഠനത്തിനായി യോഗ്യത നേടുന്ന നിർദ്ധനവിദ്യാർത്ഥികൾക്കാണ് കെ.ആർ. നാരായണൻ എൻഡോവ്മെന്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഠനത്തിൽ മിടുക്കരായ പലർക്കും സാമ്പത്തിക പ്രശ്നം കാരണം മെഡിക്കൽ പഠനം സാദ്ധ്യമാകാൻ കഴിയാതെ പോകുന്ന അവസ്ഥമാറ്റിയെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളോടോപ്പം കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കും പാരമ്പര്യ വൈദ്യകുടുംബങ്ങളിലെ അംഗങ്ങൾക്കും സംസ്കൃതം തമിഴ് ഭാഷകളിൽ പരിജ്ഞാനം ഉള്ള വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് ഒരു അധ്യയന വർഷം 1 ലക്ഷം രൂപ നിരക്കിൽ അഞ്ചു വർഷം കൊണ്ട് 5 ലക്ഷം രൂപ സ്കോളർഷിപ്പായി ലഭിക്കും. ഓരോ അധ്യയനവർഷവും രണ്ട് മെഡിക്കൽ കോളേജുകളിലായി നിർദ്ധിഷ്ട യോഗ്യതയുളളവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 പേർ വീതം മുപ്പത് പേർക്കാവും എൻഡോവ്മെന്റ് ലഭിക്കുക. ഫെബ്രുവരി 22 ന് നടക്കുന്ന പൂജിതപീഠം സമർപ്പണാഘോഷചടങ്ങിൽ വെച്ച് ആദ്യ ഗഡു വിദ്യാർത്ഥികൾക്ക് കൈമാറും. . മുൻകാലങ്ങളിൽ ഐ.എ.എസ്. പ്രവേശനപഠനത്തിന് ഇത്തരത്തിൽ എൻഡോവ്മെന്റ് നൽകിയിരുന്നു. കെ.ആർ. നാരായണൻ എൻഡോവ്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് 8111 88 22 81, 8111 88 22 84 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്താ സമ്മേളനത്തിൽ ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മേധാവി സാമി ഗുരു സവിധ് ജ്ഞാനതപസ്വി, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ.പി. ഹരിഹരൻ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാര്‍ജ് സ്വാമി സത്യചിത്ത്  ജ്ഞാനതപസ്വി, മെഡിക്കല്‍ എജ്യൂക്കേഷൻ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ എസ്.വിജയൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button