KeralaLatest

ടോസിലിസുമാബ് ഉപയോഗിച്ച് കോവിഡ് ഭേദമാക്കി:സുപ്രധാന നേട്ടവുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

“Manju”

കൊച്ചി • കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 83കാരി തിരികെ ജീവിതത്തിലേക്ക്. 14 ദിവസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് രോഗമുക്തി. കോവിഡ് നെഗറ്റീവായെങ്കിലും തുടര്‍ ചികിത്സയ്ക്കായി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും ഉൾപ്പടെയുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്നു. മരുന്നായി ടോസിലിസുമാബ് നല്‍കിയതാണു കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

മേയ് 28ന് മുംബൈയില്‍ നിന്നു ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കൊപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ ചികിത്സ സങ്കീര്‍ണമായി. തുടര്‍ന്നാണ് ഐഎല്‍ 6 ആന്‍റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ നടത്താമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്. ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയില്‍ കോവിഡ് ഭേദമായത് സുപ്രധാന നാഴികക്കല്ലാകുമെന്നാണു വിലയിരുത്തല്‍.

തുടര്‍ച്ചയായി രണ്ടു തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവര്‍ വൈറസ് ബാധയില്‍ നിന്നും മോചിതയായതായി സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കോവിഡ് ബാധിതരായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നു. മകളുടെ ഭര്‍ത്താവിന്‍റെ നില ഗുരുതരമായിരുന്നെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായി. ഇദ്ദേഹത്തിൽ എച്ച്ഐവി ചികിത്സാ മരുന്നുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. മകള്‍ ഇപ്പോഴും പോസീറ്റിവായി തുടരുകയാണ്.
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോള‌ജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടിഷ് പൗരന്‍ ബ്രയാന്‍ നീല്‍ എച്ച്ഐവി മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടോസിലിസുമാബ് ചികിത്സയിലൂടെ മെഡിക്കല്‍ കോളജ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എന്‍.റോയി, വൈസ് പ്രിന്‍സിപ്പലും കോവിഡ് നോഡല്‍ ഓഫീസറുമായ ഡോ. എ.ഫത്താഹുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി.വാഴയില്‍, ആര്‍എംഒ ഡോ. ഗണേശ് മോഹന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ജോ ജോസഫ്, ഡോ. പ്രഫ. റെനി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

Related Articles

Back to top button