KeralaLatestThiruvananthapuram

മരണ തലേന്ന് പോക്കറ്റിൽ 30 രൂപ മാത്രം, കുടുംബത്തിന്‍റെ വിശപ്പടക്കാൻ പാമ്പിനെ പിടിക്കാനിറങ്ങി,അവസാനം മരണത്തിലേക്ക്

“Manju”

പോത്തൻകോട് :കഴിഞ്ഞ പതിനൊന്നു വർഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മൻസിലിൽ സക്കീർ ഹുസൈൻ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ പാമ്പുകടിയേൽക്കുകയും പലപ്പോഴും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.

കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോൾ സക്കീർ പാമ്പിനെ പിടിക്കാനിറങ്ങും. പാമ്പിനെ പിടിച്ചു കഴിയുമ്പോൾ കിട്ടുന്ന ചെറു പാരിതോഷികം ആ കുഞ്ഞുകുടുംബത്തിന്‍റെ വിശപ്പ് ഇല്ലാതാക്കുമായിരുന്നു. മരണ തലേന്ന് പോക്കറ്റിൽ 30 രൂപ മാത്രം ശേഷിക്കുമ്പോഴാണ് മൂർഖൻ പാമ്പിനെ പിടിക്കാനുള്ള വിളിയെത്തുന്നത്.

ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ, കുടുംബ ചെലവിന് പണം വേണം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ. ആകെയുള്ളത് രണ്ടര സെന്റ് സ്ഥലവും കൂരയും. ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലി ചെയ്യുന്ന സക്കീർ അടുത്തിടെ ശാസ്തവട്ടത്തെ വാടകവീട്ടിലേക്കു മാറിയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അന്നം മുട്ടിയതോടെ കുടുംബം പ്രതിസന്ധിയിലായി. ഏഴുവയസുള്ള ഒരു പെൺകുട്ടി കൂടിയുണ്ട് സക്കീറിന്.

കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങി. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു.

സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.

Related Articles

Back to top button