KeralaLatest

പ്രമുഖ സംവിധായകൻ സച്ചി അന്തരിച്ചു

“Manju”

തൃശൂർ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. സംവിധായകരായ ഷാജി കൈലാസും എംഎ നിഷാദുമാണ് സച്ചി മരിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്‌. തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ ആരോ​ഗ്യനില ​ഗുരുതരമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി.സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.
മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കൾ. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിൻഹുഡ്, മെയ്ക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി. 2011 ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു.

പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളിൽ സ്വതന്ത്ര തിരക്കഥാകൃത്തായി.
2015-ൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാർക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി. ഈ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

Related Articles

Back to top button