KeralaLatest

ഉറവിടം അറിയാതെ രോഗവ്യാപനം; മുള്‍മുനയില്‍ നഗരം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ്‌ രോഗവും വിപുലമായ സമ്പര്‍ക്ക സാദ്ധ്യതയും വ്യക്തമായതോടെ തലസ്ഥാന നഗരം സാമൂഹ്യവ്യാപന ഭീഷണിയുടെ മുള്‍മുനയില്‍. രോഗവ്യാപന ഭീതി അനുദിനം വര്‍ദ്ധിക്കുന്നതോടെ അതീവ ജാഗ്രതയിലേക്കുള്ള സഞ്ചാരത്തിലാണ് നഗരവാസികള്‍.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ നഗരത്തില്‍ കൂടിവരുന്ന ഉറവിടമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണമാണ് ഏറെ ആശങ്കയുണ്ടാക്കിയിട്ടുള്ളത്. ഈ അവസ്ഥ സാമൂഹ്യവ്യാപന ഘട്ടത്തിന്റെ ലക്ഷണമാണ് വ്യക്തമാക്കുന്നതെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കുന്നത്.
മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ആട്ടോ ഡ്രൈവര്‍ , പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രൈവര്‍, മണക്കാട്ടെ മൊബൈല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ആട്ടോ ഡ്രൈവറുടെ ഭാര്യയ്‌ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാഗരാതിര്‍ത്തിയോട് ചേര്‍ന്ന കാട്ടാക്കട പഞ്ചായത്തിലെ ആശാവര്‍ക്കര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഇവര്‍ക്കൊന്നും രോഗം ബാധിച്ചതെങ്ങനെ എന്നതിനെക്കുറിച്ച്‌ ആരോഗ്യവകുപ്പിന് യാതൊരു രൂപവും ലഭിച്ചിട്ടില്ല. ഇവരില്‍ നിന്നും എത്രപേര്‍ക്ക് രോഗം പകര്‍ന്നുകാണും എന്നതിനെക്കുറിച്ചും ധാരണയില്ല. നഗരത്തില്‍ പൊതു ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തില്‍ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പന്ത്രണ്ടാം തീയതി മുതല്‍ ആട്ടോ ഡ്രൈവര്‍ക്ക്‌ രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന്‌ മുന്‍പും ശേഷവും ഇദ്ദേഹം നിരവധിപേരുമായി ഇടപെട്ടിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. ഇയാളുമായി ബന്ധപ്പെട്ടവരും ആട്ടോറിക്ഷയില്‍ യാത്ര ചെയ്തവരും എത്രപേരുണ്ടാകും എന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ആട്ടോഡ്രൈവര്‍ സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൂടി ആണെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിലും ഇയാള്‍ അഭിനയിച്ചിരുന്നുവെന്നതും രോഗവ്യാപനത്തിന്റെ സാദ്ധ്യത കൂട്ടുന്നുണ്ട്.
ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മൂന്നുപേര്‍ക്കും രോഗം ബാധിച്ചതെങ്ങനെയെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ്, നാലാഞ്ചിറ സ്വദേശി ഫാദര്‍ വര്‍ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശന്‍ എന്നിവരാണ് രോഗം ബാധിച്ച്‌ മരണപ്പെട്ടവര്‍.

ആട്ടോ ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കുറിച്ച്‌ കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച്‌ വരികയാണെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം മന്ത്രി കടകംപള്ളി പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ബുദ്ധിമുട്ടാണെന്നും നിയന്ത്രങ്ങള്‍ ലംഘിച്ച്‌ സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button