KeralaLatest

പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ഇനി മുതൽ രോഗികളെ കിടത്തി ചികിൽസിക്കാം

“Manju”

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററായിരുന്ന പാങ്ങപ്പാറയിലെ ഹെൽത്ത് സെന്റർ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാകുന്നു. ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന്റെ പ്രവര്‍ത്തനം സെപ്റ്റംബറിൽ ആരംഭിക്കും.

ജനറൽ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ,ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ദന്ത ചികിത്സാ വിഭാഗം, മനോരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളുടെ ഒ.പി.യാണ് ഉണ്ടായിരിക്കുക. പൊതുജനങ്ങളുടെ ആവശ്യപ്രകാരം കണ്ണ് രോഗ ചികിത്സാവിഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ രാത്രികാല കാഷ്വാലിറ്റി ആദ്യഘട്ടത്തില്‍ ഉണ്ടാകില്ല.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പരിശീലന കേന്ദ്രമെന്ന നിലയ്ക്കാണ് പണ്ടുമുതലേ ഒ.പി. വിഭാഗം മാത്രമുള്ള പാങ്ങപ്പാറ ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു പുതിയ കെട്ടിടം പണിതെങ്കിലും വൈദ്യുതിയും വെള്ളവും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് കൂടാതെ ആശുപത്രിക്ക് അനുയോജ്യമായ രീതിയിലുള്ള ആസൂത്രണത്തിന്റെ കുറവും ഉണ്ടായിരുന്നു.

മെഡിക്കൽ കോളേജിന്റെ സബ് സെന്റര്‍ മാത്രം ആയതിനാല്‍ മെഡിക്കല്‍ കോളേജിന്റെ വിവിധങ്ങളായ വികസനത്തിനിടെ ഇവിടെ തുടര്‍ന്നെന്തെങ്കിലും വികസന കാര്യങ്ങൾ നടപ്പിലാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാന ആരോഗ്യ വിഭാഗം ഡയറക്ടറേറ്റിനു കീഴില്‍ അല്ലാത്തതിനാല്‍ അവര്‍ക്കും ഇടപെടാൻ കഴിയുമായിരുന്നില്ല. ഈ വിഷയങ്ങൾ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ആർദ്രം പദ്ധതിയിലുൾപ്പെടുത്തി 38 ലക്ഷം രൂപ അനുവദിക്കുകയും ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന പ്രത്യേക പദവിയിലുൾപ്പെടുത്തി ആവശ്യമായ നിർമ്മാണ പ്രവർത്തികൾ നടത്തി കിടത്തി ചികിത്സ സൗകര്യം ആരംഭിക്കുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ഏക ആശുപത്രിയാണ് പാങ്ങപ്പാറയില്‍ ഒരുങ്ങുന്നതെന്ന് പറയാം.

ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 27 പേരുടെ തസ്തിക സൃഷ്ടിച്ചു. പത്ത് തസ്തികയിലേക്ക് സർക്കാരും 17 തസ്തികയിലേക്ക് തിരുവനന്തപുരം നഗരസഭയുമാണ് നിയമനം നടത്തുന്നത്. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ആവശ്യമായ മറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. രോഗികൾക്ക് ഇരിയ്ക്കാനുള്ള സൗകര്യങ്ങൾ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ വാങ്ങുന്നതിന് നടപടികൾ സ്വീകരിച്ചു. സ്ഥലത്തെ ഗാന്ധിപുരം റസിഡന്റ്‌സ് അസോസിയേഷൻ 24 ഫാനുകളും വാങ്ങി നൽകിയിട്ടുണ്ട്. ആശുപത്രിയിലേയ്ക്ക് പ്രവേശിയ്ക്കുന്ന പുതിയ റോഡിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button