KeralaLatest

5 ക്ഷേമനിധി ബോർഡുകളെ മറ്റുള്ളവയുമായി ലയിപ്പിക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സർക്കാരിന്റെ ചെലവു ചുരുക്കാനായി 11 വർഷം മുൻപ് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചത് ഇന്നലെ ചേർന്ന മന്ത്രിസഭ. 2009ൽ മുൻ ലേബർ കമ്മിഷണർ എസ്. ശ്രീനിവാസന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശം അംഗീകരിച്ചു കൊണ്ടു തൊഴിൽ വകുപ്പിനു കീഴിലെ ‌‌5 ക്ഷേമനിധി ബോർഡുകളെ സമാന സ്വഭാവമുള്ള ബോർഡുകളുമായി ലയിപ്പിക്കാൻ തീരുമാനിച്ചു.

ഇതോടെ ഇവയുടെ അധ്യക്ഷർക്കും അംഗങ്ങൾക്കുമുള്ള പ്രതിഫലം, സിറ്റിങ് ഫീസ്, വാഹനം, ജില്ല തോറും ഓഫിസ് നടത്തിപ്പ് തുടങ്ങിയ ചെലവുകൾ ഒഴിവാക്കാനാകും. തൊഴിൽ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോർഡുകൾ ഇതോടെ 11 ആയി കുറയും.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിനെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും ലയിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡുമായി ചേരും. കേരള ബീഡി ആൻഡ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡിനെ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണു ലയിപ്പിക്കുക.

ഉയർന്ന ഭരണച്ചെലവു കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ലയനം നടപ്പാക്കാൻ നിയമനിർമാണം വേണ്ടിവരും. മന്ത്രിയായിരിക്കെയുള്ള പി.കെ.ഗുരുദാസന്റെ നിർദേശ പ്രകാരമായിരുന്നു 2009ൽ സമിതി രൂപീകരിച്ചത്.

Related Articles

Back to top button