KeralaLatest

എംഎൽഎയെ തടയാനെത്തി, ആളുമാറി തടഞ്ഞത് എംപിയെ!

“Manju”

കുമ്പള • മഞ്ചേശ്വരം എംഎൽഎയെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആളു മാറി കാസർകോട് എംപിയെ തടഞ്ഞു. നാണക്കേടിനു പുറമെ 10 യുവാക്കളെ എംപിയെ തടഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഇന്നലെ വൈകിട്ട് കുമ്പള നായിക്കാപ്പിലാണ് സംഭവം.

പഴയ സഹകരണ ആശുപത്രി കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിനാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എം.സി.കമറുദ്ദീൻ എംഎൽഎയുമടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് എം.സി.കമറുദ്ദീൻ എംഎൽഎ കാറിൽ ആരും കാണാതെ തിരിച്ചു പോയി. അൽപം കഴിഞ്ഞ് പിന്നാലെ എത്തിയ എംപിയുടെ ബോർഡ് വച്ച കാറിൽ രാജ്മോഹൻ ഉണ്ണിത്താനും നേതാക്കളുമാണ് ഉണ്ടായിരുന്നത്.

ആശുപത്രി വളപ്പിൽ നിന്നു കുമ്പള–ബദിയടുക്ക റോഡിലേക്ക് നീങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ അതിൽ നിന്നിറങ്ങി എംപിയുടെ വണ്ടി തടയുകയായിരുന്നു. സംഭവം എന്താണെന്നു പോലുമറിയാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നേതാക്കളും പകച്ചു നിന്നു പോയി. തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആരോപണ വിധേയനായ എം.സി.കമറുദ്ദീൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയാണെന്നു കരുതി എംപിയെ തടഞ്ഞത്.

എംപിയെയും എംഎൽഎയെയും പോലും തിരിച്ചറിയാത്തവരാണോ ഇവിടെത്തെ സഖാക്കളെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പരിഹാസ രൂപേണ ചോദിച്ചു. തടയൽ ഭീഷണിയെ തുടർന്ന് സ്ഥിരം ഉപയോഗിക്കുന്ന വാഹനം മാറ്റി മറ്റൊരു കാറിലാണ് എംഎൽഎ ബോർഡ് വച്ച് എം.സി.കമറുദ്ദീൻ സ്ഥലത്തെത്തിയത്. എന്നാൽ ഈ കാറിൽ എംഎൽഎ വന്നതും പോയതും സമരക്കാർ തിരിച്ചറിഞ്ഞില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ എംഎൽഎയെ തടയില്ലെന്ന് നേതാക്കൾ സുചിപ്പിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button