KeralaLatestThiruvananthapuram

കാറിൽ സഞ്ചരിച്ച കുടുംബത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ.

“Manju”

 

നെടുമങ്ങാട്• ബൈക്കുകൾക്ക് സൈഡ് നൽകിയില്ലെന്നു ആരോപിച്ചു കാറിൽ സഞ്ചരിച്ച കുടുംബത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ. അക്രമത്തിൽ പിഞ്ചു കുട്ടികൾ അടക്കം 4 പേർക്കും ബന്ധുവിനുമാണ് പരുക്കേറ്റത്. അക്രമം ഭയന്ന് രക്ഷപ്പെടാനായി കാർ ഉപേക്ഷിച്ച് ബന്ധുവീട്ടിലേക്ക് ഓടി ക്കയറി രക്ഷപ്പെട്ട ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആനാട് വാഴോട്ടുകോണം വീട്ടിൽ എസ്.നന്ദഗോപൻ (27), ചെറുവേലി ഉൗറ്റുമൂല വീട്ടിൽ സി.സജീഷ് (39), പനയമുട്ടം തെറ്റിമൂട്ടിൽ എസ്.സച്ചു (25), നാഗച്ചേരി ജയ ഭവനിൽ യു.അരുൺ (28), നാഗച്ചേരി കല്ലടക്കുന്ന് അരുൺ ഭവനിൽ എം.അരുൺ (21) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചുവം ഷഹന ബിൽഡിങ്ങിൽ ഷഹൻഷാ (31), ഭാര്യ ആമിന (26), മക്കൾ അമാൻ മുഹമ്മദ്‌ (3), ഹിസ മെഹറിൻ (ഒരു വയസ്), ബന്ധുവായ റഹീന സലീം (36) എന്നിവരെയാണ് പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൂള്ളിമാനൂർ ചെറുവേലിൽ വച്ചായിരുന്നു ഞാറാഴ്ച സന്ധ്യയ്ക്ക് ഇവർക്കു നേരെ ആക്രമണം ഉണ്ടായത്.

ചെറുവേലിയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു കുടുംബം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഘത്തിൽ നാല് പേരും കണ്ടാൽ അറിയാവുന്ന രണ്ട് പേരും ഉൾപ്പെട്ടെ ആറ് പേർ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ ആക്രമണം നടത്തുന്നതായി കണ്ട അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.നെടുമങ്ങാട് ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ വി.രാജേഷ് കുമാർ, എസ്ഐ സുനിൽഗോപി, ജൂനിയർ എസ്ഐ അരുൺ രാജ്, ഗ്രേഡ് എസ്ഐ ഷിഹാബുദ്ദീൻ, സിപിഒമാരായ പ്രസാദ്, ജിജീഷ് എന്നിവരായിരുന്നു പ്രതികളെ കണ്ടെത്തി പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button