KeralaLatest

ക്ഷീര മേഖലക്ക് പുത്തന്‍ പ്രതീക്ഷയായി വസുധ പ്രവര്‍ത്തനം ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കല്‍പ്പറ്റ: ക്ഷീരമേഖലക്ക് പ്രതീക്ഷയായി വസുധ പ്രവര്‍ത്തനം ആരംഭിച്ചു. കൊറോണ കാലത്ത് ക്ഷീരമേഖലക്ക് പ്രതീക്ഷ നല്‍കിയാണ് പുതിയ സംരംഭം ആരംഭിച്ചത്. പള്ളിക്കുന്നിലാണ് വസുധയുടെ പ്ലാന്റ് കഴിഞ്ഞ ഗിവസം പ്രവര്‍ത്തനമാരംഭിച്ചത്. വയനാട് ജില്ലയിലെ മികച്ച ഡയറി ഫാമുകളിലൊന്നാണ് പനമരം അമ്പലക്കര ഡോ. പ്രസൂണിന്റേത്. ഗുണമേന്മയും ശുദ്ധിയുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരില്‍ ഒരു സംരംഭം ക്ഷീരകാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചത്.

സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച്‌ വസുധയുടെ പേരില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പാല്‍ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ക്ഷീരവികസന വകുപ്പിന്റെയും സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശവും ലഭിച്ചുവരുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം ക്ഷീര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി ചെറുതായെങ്കിലും മറികടക്കുന്ന അതിനുള്ള ശ്രമമാണ് എന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്‌ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അഞ്ഞൂറ് ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ കഴിയും. പാല്‍ വയനാട്ടില്‍ തന്നെ ആദ്യഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രചരണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകംതന്നെ ആറോളം ജീവനക്കാരെ നിയമിച്ചു. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി കഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന വയനാട്ടില്‍ കാല്‍ ലക്ഷത്തോളം പേര്‍ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവര്‍ക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാര്‍ഷിക സംരംഭകനായി മാറാന്‍ ഒരുങ്ങുകയാണ് ഡോ. പ്രസൂണ്‍ പൂതേരി.

Related Articles

Back to top button