IndiaLatest

ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡെല്‍ഹി: നിങ്ങളുടെ ധൈര്യവും സമര്‍പ്പണവും സമാനതകളില്ലാത്തതാണ്, സൈനികരോട് ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ ലഡാക്ക് തലസ്ഥാനമായ ലേയിലെത്തിയ പ്രധാനമന്ത്രി നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. അവിടെ വെച്ച്‌ കര, വ്യോമ, ഐടിബിപി സേനകളെ ഒരുമിച്ച്‌ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവണെയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

‘നിങ്ങളുടെ ധൈര്യവും സമര്‍പ്പണവും സമാനതകളില്ലാത്തതാണ്’, ‘നിങ്ങളുടെ ധൈര്യം നിങ്ങള്‍ എല്ലാവരും നിലയുറപ്പിച്ച ഈ ഉയര്‍ന്ന പ്രദേശങ്ങളേക്കാള്‍ വലുതാണ്. നിങ്ങളുടെ ആയുധങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള പര്‍വതങ്ങളെപ്പോലെ ശക്തമാണ്. നിങ്ങളുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഇവിടുത്തെ കൊടുമുടികളെപ്പോലെ നിലയുറപ്പിച്ചതാണെന്നും, ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും പ്രധാനമന്ത്രി സൈന്യത്തോട് പറഞ്ഞു.

രാജ്യത്തിനു മുഴുവനും സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടരുകയാണ്.

11000 അടി ഉയരത്തിലുള്ള പ്രദേശമാണ് നിമു. സേനാ വിന്യാസങ്ങളും മറ്റു സൈനിക നടപടിക്രമങ്ങളും നിമുവില്‍ വെച്ച്‌ പ്രധാനമന്ത്രിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ച്‌ നല്‍കി. ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ കാണുന്നതിനായി അദ്ദേഹം സൈനിക ആശുപത്രിയിലേക്ക് തിരിച്ചു.

വ്യാഴാഴ്ച വൈകിട്ട് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. ഇതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം മാറ്റിവെക്കുകയും ചെയ്തു. ലഡാക്ക് സന്ദര്‍ശനത്തിന് ശേഷം ഡെല്‍ഹിയിലെത്തുന്ന പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button