IndiaLatest

‘‘ഹിമാലയത്തോളം ഉറപ്പും ദൃഢനിശ്ചയവുമുള്ളവരാണു നിങ്ങൾ. ലഡാക്ക് ഇന്ത്യയുടെ ശിരസ്സാണ്”: പ്രധാനമന്ത്രി നരേന്ദ്രമോദി

“Manju”

‘‘ഹിമാലയത്തോളം ഉറപ്പും ദൃഢനിശ്ചയവുമുള്ളവരാണു നിങ്ങൾ. ലഡാക്ക് ഇന്ത്യയുടെ ശിരസ്സാണ്”: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി • അധിനിവേശത്തിലൂടെ ഭൂവിസ്തൃതി കൂട്ടാനുള്ള ശ്രമങ്ങൾ മാനവികതയ്ക്കും ലോകസമാധാനത്തിനും ഭീഷണിയാണെന്നെന്നും അങ്ങനെ ചെയ്തവരെല്ലാം തകർന്നുവീണ ചരിത്രമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീർത്തും അപ്രതീക്ഷിതമായി ലഡാക്കിലെ അതിർത്തി മേഖലയിലേക്കു പ്രധാനമന്ത്രി നടത്തിയ സന്ദർശനം ചൈനയ്ക്കുള്ള വ്യക്തമായ മറുപടിയായി.

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ എന്നിവർക്കൊപ്പം ഇന്നലെ രാവിലെയാണു പ്രധാനമന്ത്രി ലഡാക്കിലെ ലേയിലെത്തിയത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികരെ അദ്ദേഹം സേനാ ആശുപത്രിയിൽ സന്ദർശിച്ചു. അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത സൈനികരെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് കര, വ്യോമ, ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തുള്ള അര മണിക്കൂർ പ്രസംഗത്തിൽ മോദി പറഞ്ഞു.

അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു; വികസനത്തിന്റെ യുഗമാണിത്. ദുർബലർക്കു സമാധാനം ഉറപ്പാക്കാനാവില്ല; അതിനു കരുത്ത് അനിവാര്യമാണ്. പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണനോടു പ്രാർഥിക്കുകയും സുദർശനചക്രം വഹിക്കുന്ന കൃഷ്ണനെ ആരാധിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യ. നമ്മുടെ ശക്തിയെന്താണെന്നു ഗൽവാനിലെ സൈനികർ ലോകത്തിനു കാട്ടിക്കൊടുത്തു. തമിഴ് മഹാകവി തിരുവള്ളുവരുടെ വരികൾ ഉദ്ധരിച്ച് ശൗര്യം, ആദരം, മര്യാദ, വിശ്വാസ്യത എന്നീ 4 ഗുണങ്ങളെക്കുറിച്ച് പറഞ്ഞ മോദി, അവയെല്ലാം ചേർന്നതാണ് ഇന്ത്യൻ സൈനികനെന്നു ചൂണ്ടിക്കാട്ടി.

‘‘ഹിമാലയത്തോളം ഉറപ്പും ദൃഢനിശ്ചയവുമുള്ളവരാണു നിങ്ങൾ. ലഡാക്ക് ഇന്ത്യയുടെ ശിരസ്സാണ്.
ലേ മുതൽ സിയാച്ചിൻ വരെയും റെസങ് ലാ മുതൽ ഗൽവാൻ നദി വരെയും നിങ്ങളുടെ ധീരതയ്ക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ട്, സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആത്മനിർഭര യജ്ഞം രാജ്യം യാഥാർഥ്യമാക്കും’’ – മോദി സൈനികരോടു പറഞ്ഞു.

പ്രതിരോധ മന്ത്രാലയ, ഉന്നത സേനാ നേതൃത്വങ്ങളെ മാത്രമറിയിച്ചായിരുന്നു ലഡാക്കിലേക്കുള്ള മോദിയുടെ യാത്ര. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പോകുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പകരം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പോകുമെന്നുമാണ് വ്യാഴാഴ്ച അറിയിപ്പെത്തിയത്.

ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 9.30നു ലേയിലെത്തിയ മോദി അവിടെനിന്ന് ഹെലികോപ്റ്ററിൽ നീമുവിലെ എട്ടാം സേനാ ഡിവിഷൻ ആസ്ഥാനത്തെത്തിയപ്പോഴാണ് സന്ദർശന വിവരം പുറംലോകമറിഞ്ഞത്. ഇവിടെ സൈനികരെ അഭിസംബോധന ചെയ്ത മോദി, ഉച്ച കഴിഞ്ഞാണ് ലേയിലെ സേനാ ആശുപത്രിയിലെത്തിയത്. ഇന്ത്യൻ സേന ചൈനയ്ക്കു ചുട്ട മറുപടി നൽകിയതായി ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവിടെ കഴിയുന്ന സൈനികരോട് അദ്ദേഹം പറഞ്ഞു. 3 മണിയോടെ മോദി ഡൽഹിയിലേക്കു മടങ്ങി.

Related Articles

Back to top button