KeralaLatestThiruvananthapuram

ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം. തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കുമെന്നും അറിയിച്ചു.

കൊവിഡ് സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. വീടിന് പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് പ്രധാന നിര്‍ദ്ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്ന് മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ഇന്ന് രാവിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ കള‌ക്‌ടര്‍ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തിമുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്ബര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്ബര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചിവിള എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ ആറ്റുകാല്‍ (വാര്‍ഡ് – 70), കുരിയാത്തി (വാര്‍ഡ് – 73), കളിപ്പാന്‍ കുളം (വാര്‍ഡ് – 69) മണക്കാട് (വാര്‍ഡ് – 72), തൃക്കണ്ണാപുരംവാര്‍ഡിലെ ടാഗോര്‍ റോഡ് ( വാര്‍ഡ് 48), മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് – 78) പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button