IndiaKeralaLatest

അമേരിക്കന്‍ കപ്പലിലെ ഷെഫ്; കുടുംബം പോറ്റാന്‍ തട്ടുകട തുടങ്ങി.

“Manju”

സിന്ധുമോള്‍ ആര്‍

 

ചേര്‍ത്തല: കോവിഡിനും തകര്‍ക്കാന്‍ കഴിഞ്ഞില്ല ബിബോഷിന്റെ ആത്മവിശ്വാസം. മഹാമാരിയുടെ വ്യാപനത്തില്‍ ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങാന്‍ കഴിയാതെ വന്ന അമേരിക്കന്‍ കപ്പലിലെ യുവ ഷെഫ് കുടുംബം പോറ്റാന്‍ തട്ടുകട തുടങ്ങി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കണിച്ചുകുളങ്ങര കടുത്താനത്ത് ബാബുവിന്റേയും ഷീലയുടെയും മകന്‍ ബിബോഷ് ആണ് അതിജീവനത്തിന്റെ പുതുവഴി തേടി യുവാക്കള്‍ക്ക് മാതൃകയായത്.

ദേശീയപാതയോരത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് വടക്ക് ഭാഗത്തുള്ള കടയില്‍ മലയാളിക്ക് ഇഷ്ടമുള്ളതെല്ലാം കിട്ടും. ദോശ, കപ്പ ബിരിയാണി, പൊറോട്ട, ചപ്പാത്തി, ബീഫ്, കോഴിക്കറി, മീന്‍കറി, പോട്ടി, ഓംലെറ്റ് തുടങ്ങി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളെല്ലാം ഇവിടെ റെഡിയാണ്.

ആറ് വര്‍ഷം മുന്‍പാണ് അമേരിക്കന്‍ യാത്രാ കപ്പലായ പ്രിന്‍സ് ക്രൂയിസസില്‍ ഷെഫായി ജോലിയില്‍ പ്രവേശിച്ചത്. അവധിക്ക് വീട്ടിലെത്തിയശേഷം സിംഗപ്പൂരിലെത്തി കപ്പലില്‍ പ്രവേശിക്കുന്നതിനുള്ള വിമാനയാത്ര അപ്രതീക്ഷിതമായി മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായി. മാര്‍ച്ച്‌ പത്തിനാണ് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിയത് അറിഞ്ഞത്. കാത്തിരിപ്പ് നാലുമാസത്തോളം നീണ്ടതോടെ തിരികെ പോക്കെന്ന പ്രതീക്ഷയും സ്വപ്നമായി. അങ്ങനെയാണ് വ്യാഴാഴ്ച വൈകിട്ട് തട്ടുകട തുറന്നത്. സുഹൃത്തായ തണ്ണീര്‍മുക്കം സ്വദേശി സോനുവും തട്ടുകടയില്‍ സഹായത്തിനുണ്ട്.

കളമശേരി സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പഠിച്ചതിനു ശേഷം കെടിഡിസിയില്‍ ദിവവേതന വ്യവസ്ഥയില്‍ ജോലി നോക്കുകയായിരുന്നു ബിബോഷ്. 2006ല്‍ തണ്ണീര്‍മുക്കത്തെ കെടിഡിസി ഹോട്ടലില്‍ എത്തിയ അന്നത്തെ സംസ്ഥാന പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവ ബിബോഷിന്റെ കൈപുണ്യത്തെ അഭിനന്ദിച്ച്‌ കെടിഡിസി എംഡിയ്ക്ക് കത്തയച്ചിരുന്നു. പുത്തന്‍ രുചിക്കൂട്ടുകളും തളരാത്ത ആത്മവിശ്വാസവുമായി ജീവിതത്തോട് പൊരുതി ജയിക്കാനുറച്ച്‌ കളത്തിലിറങ്ങിയിരിക്കുകയാണ് ബിബോഷ്.

Related Articles

Back to top button