IndiaLatest

ഗായകൻ കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

“Manju”

പ്രശസ്ത ഗായകൻ കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു. ‘അൽ കരാമ’ എന്ന ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പ്രമുഖ താരങ്ങൾ പുറത്തിറക്കി. പൂർണമായും ദുബായിയിൽ ചിത്രീകരിക്കുന്ന ‘അൽ കരാമ’യുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, സുധി കോപ്പ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അൽ കരാമ’ വൺ വേൾഡ് എൻറെർടൈയ്ൻറ്മെൻറിൻറെ ബാനറിൽ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. എക്സക്യൂട്ടീവ് പ്രോഡ്യൂസർ: റാഫി എം.പി.

ഡിസംബർ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. എഡിറ്റർ: അയൂബ് ഖാൻ. രൺജി പണിക്കർ, വിജയകുമാർ, ജാഫർ ഇടുക്കി, സുനിൽ സുഖദ, മറിമായം താരങ്ങളായ ഉണ്ണി രാജ്, സലീം, റിയാസ്, സ്നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി.കെ. ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസ്സർ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നു. മധു ബാലകൃഷ്ണൻ, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകർ.

പ്രധാനമായും ബോളിവുഡിൽ ഗാനമാലപിക്കുന്ന കുമാർ സാനു തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ പാടിയിട്ടുണ്ട്. 2009 ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒക്ടോബർ പകുതിയോടെ കുമാർ സാനുവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. പോയ വാരം അദ്ദേഹം കോവിഡ് മുക്തനായി എന്ന വാർത്തയും പുറത്തുവന്നു. ലോസ്ഏഞ്ചൽസിൽ കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

Related Articles

Back to top button