KeralaKollamLatest

കണ്ടയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്

“Manju”

 

കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ ടൗൺ തുടങ്ങിയ അഞ്ചു വാർഡുകളും മേലില ഗ്രാമ പഞ്ചായത്തിലെ കിഴക്കേത്തെരുവ് വാർഡും കോവിഡ്-19 കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ രോഗ വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്.

കൊട്ടാരക്കര ടൗണിലേക്ക് കടന്നു വരുന്ന റോഡുകളായ കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തിന് സമീപവും,പുലമൺ ട്രാഫിക് ഐലൻഡ്, മുസ്ലിം സ്ട്രീറ്റ് പാലത്തിനടുത്തും, റെയിൽവേ സ്റ്റേഷൻ, ഓയൂർ റൂട്ടിൽ ഗാന്ധിമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കും. അവശ്യ വാഹനങ്ങൾ മാത്രമേ ടൗണിലേക്ക് കടത്തിവിടുകയുള്ളൂ. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലും മെഡിക്കൽ സ്റ്റോറുകളിലും പോകുന്നതിനും തടസ്സമുണ്ടാകില്ല.

1.കണ്ടയ്ന്മെന്റ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകൾ പ്രവേശിക്കുവാനോ അവിടെത്താമസിക്കുന്ന ആളുകൾ പുറത്തേക്ക് പോകുവാനോ അനുവദിക്കുകയില്ല.

2.വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഒരു കാരണവശാലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.

3.അവശ്യ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.

4.ദീർഘദൂര യാത്രക്കാർക്ക് കണ്ടയ്‌മെന്റ് സോണിലൂടെ തടസ്സം കൂടാതെ യാത്ര ചെയ്യാൻ കഴിയും. ഇത്തരം യാത്രക്കാർ യാതൊരു കാരണവശാലും കണ്ടയ്‌മെന്റ് സോണിൽ ഇറങ്ങുവാനോ വാഹനങ്ങൾ നിർത്തിയിടുവാനോ പാടുള്ളതല്ല.

5.അവശ്യ സർവീസുകളിൽ പെട്ട റവന്യു, പഞ്ചായത്ത്, പോലീസ്, ആരോഗ്യം, ഫയർ ഫോഴ്‌സ്, പവർ സപ്ലൈ തുടങ്ങിയ സേവനങ്ങളിൽ ഉൾപ്പെട്ടവർക്ക് യാത്രാനുമതി ഉണ്ടാകും.

6.അവശ്യ സേവനങ്ങളിൽപ്പെട്ട എടിഎം, പത്ര-ദൃശ്യ മാധ്യമങ്ങൾ, ഹോസ്പിറ്റലുകൾ, ആംബുലൻസ് എന്നിവയ്ക്ക് പ്രവർത്തിക്കാം.

7.കണ്ടയ്‌മെന്റ് സോണുകളിൽ യാതൊരു കാരണവശാലും പൊതു പരിപാടികളോ, ആഘോഷങ്ങളോ നടത്തുവാൻ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല. പൊതു സ്ഥലങ്ങളിൽ ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.

8.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും മെഡിക്കൽ സ്റ്റോറുകളിലും ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല.

9.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ആഹാര സാധനങ്ങൾ പാർസലായി നല്കാൻ മാത്രമേ അനുവദിക്കുകയുള്ളു.

എല്ലാ വ്യാപാര സ്ഥാപങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതിനേക്കുറിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ചും നോട്ടീസ് പതിപ്പിക്കുമെന്നും, രോഗ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ IPS അറിയിച്ചു.

Related Articles

Back to top button