KeralaLatestMalappuram

മുക്കുപണ്ടം വച്ചു പണം തട്ടാനും പുതിയ മോഡൽ : യുവാക്കൾ പിടിയിൽ

“Manju”

കിടങ്ങൂർ: ഉരച്ചു നോക്കിയാലും സ്വർണപണിക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി വ്യാജ വിലാസത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി. കിടങ്ങൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് 7000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ട സ്വദേശികളായ പൂഞ്ഞാർ കരോട്ട് വീട്ടിൽ മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് റാഫി (21), നടയ്ക്കൽ വലിയ വീട്ടിൽ മുഹമ്മദ് ഷാഫി (20) എന്നിവരാണ് പിടിയിലായത്.
കാക്കനാട്ടെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തെ വഴി തിരിച്ചുവിടാനായി, പ്രതികൾ ‘ദൃശ്യം’ സിനിമ മോഡലിൽ ഒരു പ്രതിയുടെ സിം കാർഡ് മറ്റൊരു മൊബൈൽ ഫോണിലിട്ട് ലോറിയിൽ കയറ്റി വിട്ടിരുന്നു. എന്നാൽ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ രണ്ടു കേസും, ഈരാറ്റുപേട്ട, എരുമേലി, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു നിലവിലുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാജ രേഖയിലൂടെ പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി സംശയിക്കുന്നുവെന്ന് കിടങ്ങൂർ പൊലീസ് ഇൻസ്പെക്ടർ സിബി തോമസ് പറഞ്ഞു.

Related Articles

Back to top button